ADVERTISEMENT

കൊച്ചി ∙ നേതൃശേഷിയും സംരംഭകത്വവും പരിപോഷിപ്പിക്കുന്നതിനുള്ള യുഎസിലെ ‘കെക്റ്റിൽ’ (KECTIL) പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കൊച്ചിയിൽ നിന്നുള്ള യുവ സംരംഭക അശ്വതി വേണുഗോപാൽ. 52 രാജ്യങ്ങളിൽ നിന്നുള്ള എഴുന്നൂറിലേറെ യുവാക്കളുടെ കഴിവുകൾ വിലയിരുത്തി കെക്റ്റിൽ ഈ വർഷം തിരഞ്ഞെടുത്ത 39 പേരിൽ ഇന്ത്യയിൽ നിന്ന് അശ്വതി മാത്രമാണുള്ളത്.

അറ്റ്ലാന്റയിലെ ജോർജിയയിൽ നടക്കുന്ന എട്ടു ദിവസത്തെ ആഗോള സമ്മേളനത്തിന്റെ തിരക്കിൽ, അവിചാരിതമായി മുന്നിൽവന്ന അനന്തസാധ്യതകളുടെ ത്രില്ലിലാണ് ‘എംബ്രെയ്സ് വെയ്‌ർ’ സ്റ്റാർട്ടപ് ഉടമ കൂടിയായ ആലുവ സ്വദേശി. ഒരു വർഷം നീണ്ട വെബ് അധിഷ്ഠിത പരിശീലന പരിപാടിയിലൂടെയാണ് കെക്റ്റിൽ (Knowles Educational and Charitable Trust for International Leadership) 52 വികസ്വര രാജ്യങ്ങളിൽ നിന്നുള്ള 39 യുവപ്രതിഭകളെ അറ്റ്ലാന്റയിലെ സമ്മേളനത്തിലേക്കു തിരഞ്ഞെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഈ സംരംഭകർ അവരവരുടെ സമൂഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നൂതന ആശയങ്ങളും പങ്കുവയ്ക്കുകയും അവ പുത്തൻ സംരംഭങ്ങളായി വളരുകയും ചെയ്യുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. സമ്മേളനത്തിൽ പങ്കെടുത്തവരുടെ കൂട്ടായ്മ ഭാവിയിൽ വികസിത രാജ്യങ്ങളിൽ വൻസാങ്കേതിക മുന്നേറ്റത്തിനു വഴിതെളിക്കുമെന്ന് കെക്റ്റിൽ കരുതുന്നു.

‘‘പ്രോഗ്രാമിന്റെ ഭാഗമായി കോക്ക കോളയുടെ ആസ്ഥാനവും സിഎൻഎന്നിന്റെ പ്രധാന സ്റ്റുഡിയോയും സന്ദർശിക്കാൻ കഴിഞ്ഞു. ആഗോള ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ എടി ആൻഡ് ടിയുടെ മുതിർന്ന എക്സിക്യൂട്ടീവുമാരുമായുള്ള ആശയവിനിമയം അവിസ്മരണീയമായ അനുഭവമായി. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൽ ലൂഥർ കിങ് ജൂനിയറിന്റെ മകൻ മാർട്ടിൻ ലൂഥർ കിങ് III ഞങ്ങളുമായി സംവാദത്തിനെത്തി.’’ - ജോർജിയയിൽ നിന്ന് അശ്വതി പറഞ്ഞു.

എറണാകുളം മോഡൽ എൻജിനീയറിങ് കോളജിൽ പഠിച്ച് ഉയർന്ന മാർക്കോടെ ബിടെക് നേടിയ അശ്വതി മാധ്യമപ്രവർത്തകയാകണമെന്ന ആഗ്രഹം മാറ്റിവച്ചാണ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ എംബിഎയ്ക്കു ചേർന്നത്. ഒന്നാം റാങ്കോടെ വിജയം. താമസിയാതെ ആമസോണിൽ മാനേജർ പദവിയിലുള്ള ജോലി ലഭിച്ചു.

സ്ഥിരം ജോലി തൽക്കാലം വേണ്ടെന്നുവച്ചാണ് സ്വന്തം സ്ഥാപനമായ ‘എംബ്രെയ്സ് വെയ്‌ർ’ തുടങ്ങിയത്. ഇതിനിടയിലാണ് കെക്റ്റിലിന്റെ ഭാഗമായത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായ ‘ഗ്ലോബൽ ഷെയ്പ്പേഴ്സ് കമ്യൂണിറ്റി’യുമായും സഹകരിക്കുന്നുണ്ട്. ആലുവയിലെ ടെക്നൗ ഇൻഡസ്ട്രീസ് കൊച്ചി ഉടമ തോട്ടയ്ക്കാട്ടുകര വരദം (വാളാനിക്കാട്ട്) വേണുഗോപാലിന്റെയും ബിന്ദുവിന്റെയും മകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com