ADVERTISEMENT

കൊച്ചി∙ ടൈ കേരളയുടെ 'ടൈകോൺ കേരള 2019' സംരംഭക സമ്മേളനത്തിനു ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ തുടക്കം. കെപിഎംജി ചെയർമാനും സിഇഒയുമായ അരുൺ എം. കുമാർ ഉദ്ഘാടനം ചെയ്തു. രാജ്യം സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വളർച്ച നേടുന്നുണ്ടെങ്കിലും വൻതോതിൽ തൊഴിൽ സ‍ൃഷ്ടിക്കുന്ന കാര്യത്തിൽ ഇനിയും മുന്നോട്ടു പോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മാത്രം 1200 പുതിയ സ്റ്റാർട്ടപ്പുകൾ റജിസ്റ്റർ ചെയ്യപ്പെട്ടു. രാജ്യത്തെ മൊത്തം സ്റ്റാർട്ടപ്പുകളുടെ കണക്ക് 7200നു മുകളിലാണ്. ബിടുബി സ്റ്റാർട്ടപ്പുകൾ 40% വളർച്ച നേടി. സജീവമായ ഇൻകുബേറ്ററുകൾ 210. ടെലികോം കമ്പനികൾ, റീട്ടെയ്‌ലർമാർ, ഡിജിറ്റൽ വോലറ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐഒടി തുടങ്ങിയ അനുകൂല ഘടകങ്ങൾ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു സഹായകമായ ശക്തമായ ആവാസവ്യവസ്ഥ രാജ്യത്തു സൃഷ്ടിച്ചിട്ടുണ്ട്.

സംരംഭകനു വേണ്ട എല്ലാ ഗുണങ്ങളും ഉണ്ടായിരുന്ന വ്യക്തിയാണു ഗാന്ധിജി എന്ന് വിഡിയോ കോൺഫറൻസിലൂടെ മുഖ്യപ്രഭാഷണം നടത്തിയ പുതുച്ചേരി ഗവർണർ ഡോ. കിരൺ ബേദി പറഞ്ഞു. ഭൂമിയിൽ എല്ലാവരുടെയും ആവശ്യത്തിന് എല്ലാമുണ്ടെന്നും അത്യാഗ്രഹം പൂർത്തീകരിക്കാൻ മാത്രം ഒന്നുമില്ലെന്നുമുള്ള ഗാന്ധി തത്വം സംരംഭകർ ഉൾക്കൊള്ളണം. അനിശ്ചിതത്വങ്ങളോടുള്ള മത്സരത്തിന് എപ്പോഴും തയാറായിരിക്കുക എന്നതാണു സംരംഭകത്വത്തിന്റെ വിജയമന്ത്രമെന്നും അവർ പറഞ്ഞു.

ടൈ കേരള പ്രസിഡന്റ് എം.എസ്.എ.കുമാർ അധ്യക്ഷത വഹിച്ചു. യുഎസ്ടി ഗ്ലോബൽ മുൻ സിഇഒ സാജൻ പിള്ള, ടൈ കേരള വൈസ് പ്രസിഡന്റ് അജിത് മൂപ്പൻ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ.സജി ഗോപിനാഥ്, വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ പ്രോഗ്രാം ചെയർ മുകുന്ദ് കൃഷ്ണ, ഏലിയാസ് ജോർജ്, ആനന്ദമണി എന്നിവർ പ്രസംഗിച്ചു. ഒഇഎൻ എംഡി പമേല മാത്യു, വികെസി ഗ്രൂപ്പിന്റെ വി.കെ.സി.മമ്മദ് കോയ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ സജി ഗോപിനാഥ്, ഷിഹാബ് മുഹമ്മദ്(സർവേ സ്പാരോ), ജോൺ കുര്യാക്കോസ്(ഡെന്റ് കെയർ), സാബു എം.ജേക്കബ് (കിറ്റെക്സ് ഗാർമെന്റ്സ്) എന്നിവർക്ക് സംരംഭകത്വ അവാർഡുകൾ സമ്മാനിച്ചു.

മെന്ററിങ് മാസ്റ്റർ ക്ലാസുകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സ്റ്റാർട്ടപ്പുകൾക്കായുള്ള ഡിജിറ്റൽ മാർക്കറ്റിങ് വേദികൾ, സമീപന രീതികൾ, മികച്ച ടീമിനെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ, കേന്ദ്ര, സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ടപ്പ് സഹായ പദ്ധതികളെപ്പറ്റിയുള്ള ബോധവൽക്കരണം എന്നിവയുമുണ്ട്. സൗജന്യ സ്റ്റാർട്ടപ് ക്ലിനിക്കുകളും ഫ്യൂച്ചർടെക് ഷോ പ്രദർശനവും ആരംഭിച്ചു. ഡോ.സുബ്രഹ്മണ്യൻ സ്വാമി എംപി ഇന്നു വൈകിട്ട് സമാപന സമ്മേളനത്തിൽ പ്രസംഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com