വിപണിയിൽ ഹാപ്പി ന്യൂ ഇയർ
Mail This Article
ഡിസംബർ മുതൽ മഞ്ഞിനെക്കാൾ പെയ്യുന്നുണ്ട് ഓഫറുകൾ. ഫോണുകളുടെയും ഇലക്ട്രോണിക്കും അല്ലാത്തതുമായ ഗൃഹോപകരണങ്ങളുടെയും വിപണിയിൽ വർഷാവസാനവും പുതുവർഷത്തുടക്കവും നല്ല കച്ചവടത്തിന്റേതായിരുന്നു. മുഖ്യ പങ്കു വഹിച്ചത് ഓഫറുകൾ തന്നെ.
ഫീച്ചർ ഫോൺ പെട്ടെന്ന് താരമായി
സംസ്ഥാനത്ത് മൊബൈൽ ഫോൺ കടകളിൽ ഫീച്ചർ ഫോണുകളുടെ വിൽപന കുതിച്ചുയരുന്നു. ക്യാമറ ഇല്ലാത്ത, വാട്സാപ്പും മറ്റും ഇല്ലാത്ത ഫോണുകൾക്കാണു ഡിമാൻഡ്. ഇതിനു പ്രധാന കാരണം മിക്ക ബിസിനസ് സ്ഥാപനങ്ങളിലും കടകളിലും ജീവനക്കാരുടെ സ്മാർട് ഫോൺ ഉപയോഗം തടയുന്നു എന്നതാണ്. രാവിലെ തന്നെ ഫോൺ വാങ്ങി വച്ചിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ കൊടുക്കുന്നവരുണ്ട്. സ്മാർട് ഫോൺ കയ്യിലുണ്ടെങ്കിൽ വാട്സാപ്പിലും ഫെയ്സ്ബുക്കിലും ചാറ്റിംഗിനു സമയം കളയുകയും ജോലി നടക്കാതിരിക്കുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാതിരിക്കുകയും ചെയ്യുമെന്നതാണു കാരണം.
നേവിയിൽ സ്മാർട് ഫോൺ നിരോധിച്ചതും കൊച്ചിയിൽ ഇവയുടെ വിൽപ്പന കൂടാൻ കാരണമായിട്ടുണ്ട്. പൊതുവെ ഫീച്ചർ ഫോണുകൾക്ക് 100% വിൽപന വർധന റിപ്പോർട്ട് ചെയ്യുന്ന നിരവധി കടകളുണ്ട്. കടയിലെ ആകെ മൊബൈൽ ഫോൺ വിൽപനയിൽ മുമ്പ് 10% മാത്രമായിരുന്നു ഫീച്ചർ ഫോണുകളെങ്കിൽ ഇപ്പോഴത് 20% മുതൽ 25% വരെ വർധിച്ചിട്ടുണ്ടെന്നു കടക്കാർ പറയുന്നു. സ്മാർട് ഫോൺ കയ്യിലുള്ളവരും സംസാരിക്കാനും മെസേജ് ചെയ്യാനും മാത്രമായി സാദാ ഫീച്ചർ ഫോൺ കൊണ്ടുനടക്കുന്നതും ശീലമായിട്ടുണ്ട്.
ഓഫറില്ലാതെന്ത് ഗൃഹോപകരണം
ഓഫറുകളാണെങ്ങും. ഓഫർ ഉണ്ടെങ്കിലേ വിൽപന തകൃതിയാവൂ. ജനം ഓഫറും ഡിസ്ക്കൗണ്ടും ശീലിച്ചുപോയി !
∙പാനൽ ടിവികൾ പറക്കുന്നു.
എൽഇഡി ടിവിയിൽ ജനത്തിന് വൻ ബ്രാൻഡ് വേണമെന്നില്ല. മികച്ച ഗുണനിലവാരവും വിലക്കുറവും മതി. വലിയ മോഡലുകളോടാണു താൽപ്പര്യം. ക്രിസ്മസ്–പുതുവർഷക്കാലത്ത് ടിവി വിൽപനയിലെ വർധന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% വരെ കൂടുതലുണ്ടായിരുന്നു.
∙എസികൾ ചൂടപ്പം പോലെ.
ഉഗ്രൻ എസി കച്ചവടം നടക്കാൻ പോകുന്ന വേനൽക്കാലമാണു വരാൻ പോകുന്നതെന്ന സൂചന നൽകുകയാണ് പുതുവർഷക്കാലം. നവംബറിൽ വിറ്റ എസികളുടെ ഇരട്ടി മിക്ക കടകളിലും ഡിസംബറിൽ വിറ്റു. മുൻ വർഷം ഇതേ സീസണിനെ അപേക്ഷിച്ച് 50% വരെ വളർച്ചാ നിരക്ക്. നവംബറിൽ 1000 ടിവി വിറ്റ വൻകിട ചെയിൻ ഗ്രൂപ്പുകളിലൊന്നിൽ ഡിസംബറിൽ 2000ലേറെ വിറ്റു. ചൂടു കൂടുന്നതനുസരിച്ച് എസി കച്ചവടം ഇനിയും കൂടും.
∙ഫ്രിജ്– വാഷിങ് മെഷീൻ
ഇവയിലും വിൽപനയിൽ 10%–20% വളർച്ചനിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് കാണുന്നുണ്ട്.
കേൾക്ക്, കേക്കിന്റെ കണക്ക്
ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ കേരളം കഴിച്ചത് 200 കോടി രൂപയുടെ കേക്ക്. സീസണിൽ ബേക്കറികളിലൂടെ മാത്രം വിറ്റത് ഏകദേശം 150 കോടി രൂപയുടെ കേക്കാണ്. വീടുകളിലെയും ചെറു യൂണിറ്റുകളിലെയും ഹോട്ടലുകളിലെയും കേക്ക് വിൽപനയും ഇത്തവണ കൂടി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ക്രിസ്മസ് കേക്ക് വിൽപനയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെങ്കിലും ന്യൂഇയർ കേക്ക് വിൽപന കൂടിയതായി കേരള ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥൻ പറഞ്ഞു.
എറണാകുളം ജില്ലക്കാരാണ് ക്രിസ്മസ് കേക്കുകൾ ഏറ്റവും അധികം കഴിച്ചത്. കേക്ക് വിൽപനയിൽ രണ്ടാം സ്ഥാനം കണ്ണൂരിന്. കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. അതേസമയം ന്യൂഇയർ കേക്ക് ഏറ്റവും കൂടുതൽ വിറ്റത് കണ്ണൂർ ജില്ലയിലാണ്. മലബാർ മേഖലയിൽ വിൽപന ഉയർന്നു. എറണാകുളം ജില്ല രണ്ടാം സ്ഥാനത്ത്. ഡിസംബർ 18 മുതൽ ക്രിസ്മസ് കേക്ക് വിൽപന ആരംഭിക്കുമെങ്കിലും ഇത്തവണ 23 മുതലാണ് വിൽപന ഉയർന്നത്. 30,31 തീയതികളിലാണ് ഏറ്റവും അധികം കേക്ക് വിറ്റത്. കൂടുതൽ വിറ്റുപോയത് ക്രിസ്മസ് കേക്കായ പ്ലം തന്നെ.
ഫോൺ: ഓൺലൈൻ തകൃതി, ഓഫ‌്‌ലൈൻ കുറവ്
കടകളിലെ മൊബൈൽ ഫോൺ വിൽപനയ്ക്കു കനത്ത അടിയാണ് ഓൺലൈൻ പോർട്ടലുകളിലെ ഫ്ളാഷ് സെയിൽ. കാര്യമായ ഡിസ്ക്കൗണ്ട് നൽകി വിവിധ ഉൽപന്നങ്ങൾ വിൽക്കുന്നതാണു ഫ്ളാഷ് സെയിൽ. മുമ്പ് വല്ലപ്പോഴുമായിരുന്നെങ്കൽ ഇപ്പോൾ മാസത്തിൽ 2 തവണയെങ്കിലും ഫ്ളാഷ് സെയിൽ വരുന്നു. ഫലം കടയിൽ പോയി വാങ്ങാതെ (ഓഫ് ലൈൻ) കാത്തിരുന്ന് ഫ്ളാഷ് സെയിൽ വരുമ്പോൾ ഓൺലൈനിൽ വാങ്ങുന്നു. വില കുറച്ചു കിട്ടും.
അതിനാൽ മൊബൈൽ ഫോൺ കമ്പനികൾക്ക് വിൽപന കുറവില്ലെന്നു മാത്രമല്ല വർധനയുമുണ്ട്. കടകളിലെ വിൽപന മുമ്പത്തേതിനെക്കാൾ കുറഞ്ഞു. ക്രിസ്മസ് കാലത്ത് വിൽപനയിൽ ഉണർവുണ്ടായെങ്കിലും കഴിഞ്ഞ വർഷം നടന്ന ക്രിസ്മസ് വിൽപനയുടെ അത്ര വന്നില്ലെന്നു വ്യാപാരികൾ പറയുന്നു. കമ്പനികളാകട്ടെ ഓൺലൈനിലേക്കു മാത്രമായി ചില പതിപ്പുകൾ അവതരിപ്പിക്കുന്നുമുണ്ട്. ന്യൂജൻ താൽപര്യം ഓൺലൈൻ വ്യാപാരത്തിലാണ്.
ഭക്ഷണത്തിന് മികച്ച വിൽപന
കടകളിലും സൂപ്പർമാർക്കറ്റുകളിലും റെഡി –ടു– ഈറ്റ് സാധനങ്ങളുടെ വിൽപനയിൽ 30% വരെ വർധന കഴിഞ്ഞ മാസം രേഖപ്പെടുത്തി. ഭക്ഷണം മാത്രമല്ല അതു കഴിക്കാൻ വേണ്ട കപ്പുകളും പ്ലേറ്റുകളും കരണ്ടികളുമൊക്കെ വിൽപനയിൽ വളർച്ച കാണിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ കയ്യിൽ അത്യാവശ്യചെലവുകൾ കഴിഞ്ഞ് പണം ബാക്കിയുണ്ടെന്നും അതു ചെലവഴിക്കുന്നതിൽ മടിയില്ലെന്നുമാണ് ഇതു കാണിക്കുന്നത്.
സ്വർണം മാറ്റിവാങ്ങാൻ തിരക്ക്
വർഷാവസാന വിൽപനഉത്സവങ്ങളിൽ സ്വർണവും പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഉയർന്ന വില ഇത്തവണ ഉപയോക്താക്കളെ അൽപം അകറ്റിനിർത്തി. കൗണ്ടർ സെയിൽ എന്ന വിവാഹേതര ആവശ്യങ്ങൾക്കുള്ള ആഭരണ വിൽപനയിൽ ഇടിവുണ്ട്. എന്നാൽ വില കുതിച്ചുയർന്നതിനാൽ സ്വർണം മാറ്റിവാങ്ങാനും വിൽക്കാനും എത്തുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. പഴയ സ്വർണത്തിന് അന്നന്നത്തെ വില ലഭിക്കുന്നതാണ് ഉപയോക്താക്കളെ ആകർഷിക്കുന്നത്.
അതേസമയം വിവാഹാവശ്യത്തിനുള്ള സ്വർണംവാങ്ങൽ സംസ്കാരത്തിൽ വില ഉയർന്നതോടെ മലയാളികൾ മാറ്റം വരുത്തിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ എസ്. അബ്ദുൽ നാസർ പറയുന്നു. വിവാഹത്തിന് 50 പവൻ, 25 പവൻ തുടങ്ങിയ ചിന്തകൾ ഇപ്പോഴില്ല. നിശ്ചിത തുകയ്ക്കു ലഭിക്കുന്ന സ്വർണം വാങ്ങുകയെന്നതാണു ഉപയോക്താക്കളുടെ ഇപ്പോഴത്തെ രീതി.