ADVERTISEMENT

ന്യൂഡൽഹി ∙ പോസ്റ്റ് ഓഫിസുകളിൽ  അവകാശികളില്ലാതെ  കിടക്കുന്ന  ലക്ഷക്കണക്കിനു നിക്ഷേപങ്ങൾ കേന്ദ്രസർക്കാരിന്റെ സീനിയർ സിറ്റിസൺ  വെൽഫെയർ ഫണ്ടിലേക്കു മാറ്റാൻ നടപടി. കേരളത്തിൽ നിന്നു മാത്രം 6 ലക്ഷത്തിലേറെ നിക്ഷേപങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപയാകും ഇത്തരത്തിൽ മാറ്റുന്നത്. 10 വർഷത്തിലേറെയായി  ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിവിധ നിക്ഷേപങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവകാശികൾ എത്തിയില്ലെങ്കിൽ  ഈ തുക ക്ഷേമനിധിയിലേക്കു മാറ്റും. 

സേവിങ്സ് ബാങ്ക്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സേവിങ്സ് ബാങ്ക് അക്കൗണ്ട് (ഡിസ്കണ്ടിന്യൂഡ് അക്കൗണ്ട്സ്), ടേം ഡിപ്പോസിറ്റ് അക്കൗണ്ട് (ഡിസ്കണ്ടിന്യൂഡ് അക്കൗണ്ട്സ്), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പ്രതിമാസ നിക്ഷേപ പദ്ധതി, റെക്കറിങ് ഡിപ്പോസിറ്റ്, ടേം ഡിപ്പോസിറ്റ് എന്നീ 9 വിഭാഗങ്ങളിൽ അവകാശികളില്ലാത്ത നിക്ഷേപമാണു സീനിയർ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കു മാറ്റുന്നത്. 

കേരളത്തിൽ നിന്ന് ഏകദേശം 313,560 നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപമാണു പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 100 രൂപ മുതൽ 10,000 രൂപ വരെയുള്ള സർട്ടിഫിക്കറ്റുകളാണിവ. ഇതു തന്നെ 15 കോടിക്കു മുകളിലുണ്ടാകും. സമാന രീതിയിൽ നിക്ഷേപമുള്ള കിസാൻ വികാസ് പത്രയിൽ ഏകദേശം 62,000 അക്കൗണ്ടുണ്ട്. റെക്കറിങ് ഡിപ്പോസിറ്റ് ഇനത്തിൽ 1.9 ലക്ഷത്തിലേറെ അക്കൗണ്ടുകൾ ഉപയോഗിക്കാതെയുണ്ട്. ഇത്തരം അക്കൗണ്ടുകളിലെ ആകെ നിക്ഷേപത്തുക എത്രയെന്നു വ്യക്തമല്ല.  പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 33 ഡിസ്കൗണ്ടിന്യൂഡ് ടേം ഡിപ്പോസിറ്റുകളിൽ 24 എണ്ണവും കട്ടപ്പനയിലുള്ളതാണ്.

കിസാൻ വികാസ് പത്രയിൽ ഉത്തര മലബാറിൽ നിന്നുള്ളവരാണു കൂടുതൽ. 100 രൂപ മുതൽ ചെറിയ തുകകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ പിന്നീട് ഇക്കാര്യം  മറന്നതാകുമെന്നാണു വിലയിരുത്തൽ. മരണം, സ്‌ഥലംമാറ്റം തുടങ്ങിയ കാരണങ്ങളും അവകാശം ഉന്നയിക്കപ്പെടാത്ത നിക്ഷേപങ്ങൾ വർധിക്കാൻ കാരണമായി. മുതിർന്ന  പൗരൻമാർക്കായി  പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ  ഒരുക്കാനാണു സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള  ക്ഷേമനിധി  ഉപയോഗിക്കുക. ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ , ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ  ഉപയോഗിക്കപ്പെടാതെ കിടക്കുന്ന നിക്ഷേപങ്ങൾ  ഇതിലേക്കു മാറ്റാൻ 2016ലാണു ചട്ടം പ്രാബല്യത്തിൽ വന്നത്. 

വിവിധ വിഭാഗങ്ങളിൽ ‌അവകാശികളില്ലാത്ത നിക്ഷേപങ്ങൾ (ഏകദേശ എണ്ണം)

∙ സേവിങ്സ് അക്കൗണ്ട്– 530
∙ പോസ്റ്റ് ഓഫിസ് സേവിങ്സ് സ്കീം– 303
∙ സേവിങ് ബാങ്ക് അക്കൗണ്ട്– ഡിസ്കണ്ടിന്യൂഡ് അക്കൗണ്ട്– 3
∙ ടേം ഡിപ്പോസിറ്റ്– 33
∙ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്– 313614

∙ കിസാൻ വികാസ് പത്രിക– 61622
∙ പ്രതിമാസ നിക്ഷേപ പദ്ധതി– 5740 
∙ റിക്കറിങ് ഡിപ്പോസിറ്റ്– 192,558
∙ ടേം ഡിപ്പോസിറ്റ്– 63,137

English Summary: Six lakh unclaimed post office accounts in Kerala to be transferred to welfare fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com