ADVERTISEMENT

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെങ്ങുമുള്ള വിപണികൾ ചീട്ടുകൊട്ടാരം പോലെ താഴേക്കു പതിക്കുകയാണല്ലോ. 2008–ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ വിപണിയിലെ വിറ്റഴിക്കലുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ പ്രതിസന്ധിയുടെ അനിശ്ചിതത്വം വിഭിന്നമാണ്. സാമ്പത്തിക സൂചനകൾ കണക്കിലെടുത്ത് വിശകലനം നടത്താൻ നിക്ഷേപകർക്കു സാധിക്കും. പക്ഷേ, ആരോഗ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മിക്കവാറും പേരെ സംബന്ധിച്ച് അറിവില്ലാത്ത മേഖലയാണ്. ഇതിനിടെ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ വിപണിയെ പിന്തുണക്കാനായി നടത്തുന്ന നീക്കങ്ങളും നമുക്കു കാണാനാവും. എങ്കിൽ തന്നെയും വിപണി എത്ര നാൾക്കകം തിരിച്ചു വരുമെന്നു പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഇതിന് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.

വിപണിയിൽ ഏറെ താൽപ്പര്യമുള്ളവർ അടക്കം മിക്കവാറും നിക്ഷേപകരുടെ കാര്യത്തിൽ അവർ നിക്ഷേപിച്ചിട്ടുള്ള തുകയുടെ കാര്യത്തിൽ നഷ്ടമോ കുറവോ ഉണ്ടായിട്ടുള്ളതു കാണാനാവും. തുടർന്ന് എന്തെങ്കിലും തിരക്കിട്ട നീക്കങ്ങൾ നടത്തും മുൻപ് ശാന്തമായി തുടരുകയും യുക്തിപരമായി ചിന്തിക്കുകയുമാണ് അവർ ചെയ്യേണ്ടത്. 

സന്തുലിതമാക്കണം

നിക്ഷേപം പരിശോധിക്കുകയും അതു സന്തുലനം ചെയ്യുകയും ആയിരിക്കണം ആദ്യ നീക്കം. ഡെറ്റ് രംഗത്തെ തങ്ങളുടെ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനുള്ള രീതികൾ പരിഗണിക്കണം. സുരക്ഷിതത്വം കണക്കിലെടുത്ത് സ്വർണ അധിഷഠിത നിക്ഷേപങ്ങളും പരിഗണിക്കണം. നിലവിലെ സാഹചര്യങ്ങളിൽ ചെറുകിട നിക്ഷേപകർ ഓഹരി മേഖലയിലേക്കുള്ള തങ്ങളുടെ വകയിരുത്തൽ 55 ശതമാനത്തിൽ നിയന്ത്രിക്കണം. 35–40 ശതമാനം ഡെറ്റിലും ശേഷിക്കുന്നത് സ്വർണത്തിലുമായിരിക്കണം. ആവശ്യമായ ഗവേഷണ പിന്തുണയില്ലാത്ത ചെറുകിട നിക്ഷേകർ സിസ്റ്റമാറ്റിക് നിക്ഷേപ രീതി പിന്തുടരുകയും തങ്ങളുടെ നിക്ഷേപത്തിന്റെ മേൽ ചാഞ്ചാട്ടങ്ങൾ മൂലമുണ്ടാകുന്ന ആഘാതങ്ങൾ കുറക്കുകയും വേണം. 

ബിസിനസ് ശക്തിയുടേയും മികച്ച ആസൂത്രണത്തിന്റേയും അടിസ്ഥാനത്തിൽ മികച്ച ചില ഓഹരികൾ ഇപ്പോൾ താങ്ങാനാവുന്ന വിലയ്ക്കു ലഭ്യമാണെന്നു വിശ്വസിക്കുന്ന ഒരു വിഭാഗം നിക്ഷേപകരുണ്ട്. ഇപ്പോഴത്തെ ആഗോള പശ്ചാത്തലത്തിൽ ഇനിയും എത്രത്തോളം വിൽപനയുണ്ടാകുമെന്നു കണക്കാക്കാനേ ആവില്ല. സ്ഥിരമായി നിക്ഷേപം നടത്തുന്ന ചെറുകിടക്കാർ ഇത്തരത്തിൽ താഴേക്കു വീഴുന്ന ഒരു കത്തിയെ പിടിച്ചെടുക്കാൻ ശ്രമിക്കാതെ ജാഗ്രതയോടെ ഇരിക്കുന്നതാവും മികച്ചത്. 

എസ്ഐപി നിർത്തരുത്

ഇപ്പോഴത്തെ തിരകൾ അടങ്ങുന്നതു കാത്തിരിക്കാൻ തയാറാണെങ്കിൽ ശാന്തമായ അന്തരീക്ഷത്തിൽ അവസരങ്ങൾ ഉണ്ടാകും. എഫ്എംസിജി പോലുള്ള മേഖലകൾ പല ഫണ്ട് മാനേജർമാരുടേയും പ്രിയപ്പെട്ട മേഖലയാണ്. ചെറുകിട നിക്ഷേപകർ എസ്ഐപി തുടരുകയാണു വേണ്ടത്. ഇതുവഴി അവർക്കു കൂടുതൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ലഭിക്കും. വിപണി ഉയരുമ്പോൾ ഇതവർക്കു ഗുണകരമാകും. ദീർഘകാല സ്വത്തു സമ്പാദനത്തിന് എസ്ഐപികൾ ഗുണകരമായിരിക്കും. 

( 5 പൈസ ഡോട്ട് കോം സിഇഒയാണു ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com