ADVERTISEMENT

മറ്റേതൊരു ഇൻഷുറൻസ് പരിരക്ഷയെക്കാളും പ്രധാനമായി ഏവർക്കും ഉണ്ടായിരിക്കേണ്ടതാണ് ഹെൽത് ഇൻഷുറൻസ്. കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രികളിൽ കിടത്തിച്ചികിത്സ ആവശ്യമായി വന്നതോടെ ആരോഗ്യ പോളിസികളുടെ ആവശ്യകത സാർവത്രികമായി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച ചില പൊതു നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്.

∙  പോളിസി നിബന്ധനകൾ എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസികളോടൊപ്പവും പ്രത്യേകമായി പോളിസി ഉടമയ്ക്കു നൽകിയിട്ടുണ്ടാകും. ഇതിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി മാത്രമേ കമ്പനി ക്ലെയിം അനുവദിക്കുകയുള്ളൂ. ക്ലെയിം വരുമ്പോൾ വ്യവസ്ഥകൾ വിലങ്ങുതടിയാകാതിരിക്കാൻ, പ്രധാന നിബന്ധനകൾ മനസ്സിലാക്കിയശേഷം മാത്രമേ പോളിസി എടുക്കാവൂ.

 ∙  പോളിസി എടുക്കാനായി കമ്പനിക്കു പൂരിപ്പിച്ചു നൽകുന്ന ഫോം ആണു ‘പ്രൊപ്പോസൽ’. പ്രൊപ്പോസലിൽ ആവശ്യപ്പെടുന്ന മുഖ്യ വിവരങ്ങളുടെ തെറ്റായ സൂചന, വിവരങ്ങൾ പൂർണമായും നൽകാതിരിക്കൽ, വിവരങ്ങൾ മറച്ചുവയ്ക്കൽ തുടങ്ങിയവ ക്ലെയിം നിരസിക്കാൻ മാത്രമല്ല പ്രീമിയം തിരികെ നൽകാതെ പോളിസി റദ്ദാക്കുന്നതിനും കമ്പനിക്ക് അധികാരം നൽകുന്നു.

∙ കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ ക്ലെയിം തീർപ്പാക്കി പണം നൽകണമെന്നാണ്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാനുണ്ടെന്ന് കമ്പനിക്കു തോന്നുന്നപക്ഷം പോളിസി ഉടമ രേഖകൾ നൽകി 30 ദിവസത്തിനുള്ളിൽ അത്തരം അന്വേഷണങ്ങൾ പൂർത്തിയാക്കേണ്ടതാണ്. ഇത്തരം അന്വേഷണങ്ങൾ നടത്തുമ്പോൾ പോലും രേഖകൾ സമർപ്പിച്ച് 45 ദിവസത്തിൽ കൂടുതൽ ക്ലെയിം നൽകാൻ വൈകിപ്പിച്ചുകൂടാ. അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ക്ലെയിം നൽകാതിരുന്നാൽ റിസർവ് ബാങ്കിന്റെ ബാങ്ക് റേറ്റിൽനിന്ന് 2% ഉയർന്ന പിഴ നൽകാൻ കമ്പനി ബാധ്യസ്ഥരാണ്.

∙  പല അസുഖങ്ങൾക്കും പുതുതായി എടുക്കുന്ന പോളിസികളിൽ പരിരക്ഷ ലഭിക്കില്ല. കൃത്യതീയതിക്കു പുതുക്കിയാൽ പല അസുഖങ്ങൾക്കും പരിരക്ഷ ലഭിക്കുന്നതിനുള്ള കാത്തിരിപ്പു കാലാവധി തരണം ചെയ്യാനും ക്ലെയിം അനുവദിച്ചെടുക്കാനും സാധിക്കും. പോളിസി മുറിഞ്ഞുപോകാതെ 8 വർഷം വരെ പുതുക്കിക്കൊണ്ടിരുന്നാൽ ‘നിബന്ധനകൾ പാലിച്ചിട്ടില്ല, മുൻകൂട്ടി വെളിപ്പെടുത്തിയിട്ടില്ല, അന്വേഷണം നടത്തണം’ എന്നൊക്കെപ്പറഞ്ഞ് കമ്പനികൾക്ക് ക്ലെയിം നിരസിക്കാനാകില്ല.

∙  ഒന്നിലധികം പോളിസികളുള്ളപ്പോൾ സംഅഷ്വേഡ് തുകയ്ക്കുള്ളിൽ നിന്നുകൊണ്ട് ഓരോ പോളിസികളുടെയും നിബന്ധനകൾക്ക് അനുസൃതമായി ഒരൊറ്റ കമ്പനിയിൽനിന്നു മാത്രമായോ ഒന്നിലധികം കമ്പനികളിൽനിന്ന് ആനുപാതികമായോ ക്ലെയിം ചെയ്തെടുക്കാനുള്ള പൂർണസ്വാതന്ത്ര്യം പോളിസി ഉടമയ്ക്കുണ്ട്. ക്ലെയിം തുക ഒരു പോളിസിയിൽ നിന്ന് പൂർണമായി വാങ്ങാൻ സംഅഷ്വേഡ് തുക തികയുന്നില്ലെങ്കിൽ ബാക്കി വരുന്ന തുക മറ്റൊരു പോളിസിയിൽ ഉൾപ്പെടുത്തിയും വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com