ADVERTISEMENT

കൊച്ചി∙ കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള പുതിയ ലോകത്തിൽ, പുതിയ രൂപങ്ങളിലേക്കു മാറി ബിസിനസ് സ്ഥാപനങ്ങൾ. പുറത്തുപോയി ആഹാരം കഴിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ നഷ്ടത്തിലായ ഹോട്ടലുകളെ ബിസിനസ് സെന്ററുകളും കോ–വർക്കിങ് സ്പേസുകളുമാക്കി മാറ്റുകയാണ് വ്യാപാരികൾ.ബിസിനസ് സ്പേസായി  ഹോട്ടലുകൾ രൂപാന്തരപ്പെടുന്ന പ്രവണത ചെറുനഗരങ്ങളിലേക്കും കടന്നു.  കൊച്ചി നഗരത്തിൽ ബിസിനസ് സെന്ററുകളായി മാറിയ പ്രമുഖ ഹോട്ടലുകൾ വരെയുണ്ട്. 1000 സ്ക്വയർഫീറ്റിൽ താഴെയുള്ള ചെറു ഹോട്ടലുകളും ‘ഓഫിസ് സ്പേസു’കളായി മാറുന്നുണ്ട്.

ബിസിനസ് സെന്ററുകൾ പൂർണതോതിൽ

റിസപ്ഷൻ, ട്രാവൽ ഡെസ്ക് തുടങ്ങി എല്ലാ വിഭാഗങ്ങളുമുള്ള ബിസിനസ് സെന്ററുകളായാണ് നഗരങ്ങളിലെ ചില ഹോട്ടലുകൾ മാറുന്നത്. മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണു പൂർണമായും ബിസിനസ് സെന്ററുകളാകുന്നത്. ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും സാങ്കേതിക സന്നാഹങ്ങളും ഒരുക്കും. ധാരാളം അന്വേഷണങ്ങൾ പുതിയ സംരംഭത്തിനു ലഭിക്കുന്നുണ്ടെന്ന് കൊച്ചിയിലെ ഒരു പുതിയ ബിസിനസ് സെന്ററിന്റെ ഉടമ പറയുന്നു.

കൊച്ചി നഗരത്തിൽ ഹോട്ടലുകളുടെ എണ്ണം വളരെ കൂടുതലായതും പുതിയ ബിസിനസിലേക്കു മാറാൻ സംരംഭകരെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നഗരത്തിൽ ഒട്ടേറെ പുതിയ ഹോട്ടലുകൾ തുടങ്ങി. അതുകൊണ്ടുതന്നെ ഡിമാൻഡ് കുറവാണ്. അതിനൊപ്പമാണ് കോവിഡ് എത്തുന്നത്. പ്രതിസന്ധി എത്രനാൾ നീളുമെന്നോ, പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്ക് ആളുകൾ എന്നു മടങ്ങിയെത്തുമെന്നോ പ്രവചിക്കാൻ കഴിയാത്തതിനാലാണ് പുതിയ ബിസിനസിലേക്കു കടക്കുന്നതെന്നും സംരംഭകർ പറയുന്നു.

ആവശ്യക്കാർ ഏറെ

കോ–വർക്കിങ് സ്പേസുകൾക്ക് കൂടുതൽ അന്വേഷണങ്ങൾ വരുന്നുണ്ടെന്ന് പുതിയ സംരംഭകർ പറയുന്നു. എയർ കണ്ടിഷൻ, മികച്ച കണക്ടിവിറ്റി സൗകര്യങ്ങൾ എന്നിവ നൽകിയാൽ കൂടുതൽ ആളുകളും സ്ഥാപനങ്ങളുമെത്തും. അടുത്തുള്ള കോ–വർക്കിങ് സ്പേസുകളെക്കുറിച്ചു വിവരം തരുന്ന ആപ്പുകളും നിലവിലുണ്ട്.

പുത്തൻ പരീക്ഷണങ്ങൾക്കു പിന്നിൽ മേഖലയിലെ അനിശ്ചിതത്വം

കോവിഡിനെത്തുടർന്ന് ഹോട്ടൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികളും അനിശ്ചിതത്വവുമാകാം പുതിയ ബിസിനസ് മോഡലുകളിലേക്ക് വ്യാപാരികൾ മാറാനുള്ള കാരണമെന്ന് ഓൾ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. ഹോട്ടലുകളിലെത്തി ആഹാരം കഴിക്കുന്നവരുടെ എണ്ണം മുൻപത്തെ അപേക്ഷിച്ച് 10 ശതമാനം പോലുമില്ല. 200 ഊണു വിറ്റിരുന്ന ചെറുകടകളിൽ ഇപ്പോൾ 20 ഊണുപോലും വിറ്റുപോകുന്നില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നു സാമ്പത്തിക സഹായമോ പ്രത്യേക പാക്കേജോ മേഖലയ്ക്കു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടങ്ങളുള്ളവർ പുതിയ ബിസിനസിലേക്കു ചുവടുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com