ബാങ്ക്, പോസ്റ്റ് ഓഫിസ്, ഇൻഷുറൻസ്: അവകാശികളില്ലാതെ നൂറുകണക്കിനു കോടി
Mail This Article
കൊച്ചി∙ കേരളത്തിലെ വിവിധ ബാങ്കുകളിൽ എൻആർഐ ഉൾപ്പടെ അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് നൂറുകണക്കിനു കോടി രൂപ. ഓരോ വർഷവും ഈ തുക റിസർവ് ബാങ്കിന്റെ നിക്ഷേപക ബോധവൽക്കരണ ഫണ്ടിലേക്ക് (ഡിഇഎഫ്) അടയ്ക്കുകയാണു ബാങ്കുകൾ ചെയ്യുന്നത്. കേരളത്തിൽ 6 ലക്ഷം പോസ്റ്റ് ഓഫിസ് അക്കൗണ്ടുകൾക്കും അവകാശികളില്ലെന്നു കണ്ടെത്തിയിരുന്നു. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് ഇനത്തിൽ മാത്രം 15 കോടിക്ക് ഇങ്ങനെ അവകാശികളില്ല.
ബാങ്കിലെ തുക എടുക്കാതിരിക്കുകയും 10 വർഷമായി അക്കൗണ്ടിൽ പണമിടുകയോ എടുക്കുകയോ ഉൾപ്പടെ യാതൊരു ചലനവും ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ അവകാശികളില്ലാത്ത അക്കൗണ്ടായി (നിർജീവ അക്കൗണ്ട്) കണക്കാക്കി അതിലെ തുക നിക്ഷേപക ബോധവൽക്കരണ ഫണ്ടിലേക്ക് അടയ്ക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. ഫെഡറൽ ബാങ്കിന്റെ ചെറിയ ഉദാഹരണം നോക്കുക– 2019 മാർച്ചിൽ 114.5 കോടിയാണ് ഈ ഫണ്ടിലേക്കു നൽകിയത്. 2020 മാർച്ച് 31ന് നൽകിയ തുക 177.3 കോടി. ഫെഡറൽ ബാങ്കിന്റെ ഭൂരിപക്ഷം ബ്രാഞ്ചുകളും കേരളത്തിലായതിനാൽ ഈ തുകയിൽ ഭൂരിപക്ഷവും കേരളത്തിലേതായിരിക്കാനിടയുണ്ട്. എല്ലാ വർഷവും ഇങ്ങനെ തുക നൽകാറുമുണ്ട്.
ദേശീയ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. 2018ൽ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലുമായി 14578 കോടി രൂപ അവകാശികളില്ലാതെ കിടപ്പുണ്ടായിരുന്നു. 2017നെക്കാൾ 27% വർധന. ഈ വളർച്ചാ നിരക്ക് അനുസരിച്ചാണെങ്കിൽ ഇതിനകം മറ്റൊരു 7000 കോടി കൂടി അവകാശികൾ ഇല്ലാതെ ആയിട്ടുണ്ടാകും. 21000 കോടിയിലേറെ. ഇതിൽ എസ്ബിഐയുടെ മാത്രം വിഹിതം 2156.3 കോടിയായിരുന്നു 2018ൽ. ഇപ്പോൾ തുക 3000 കോടി കവിഞ്ഞിട്ടുണ്ട്. അതിൽ എത്ര കോടി കേരളത്തിൽ നിന്നെന്നു വേർതിരിച്ച കണക്കില്ല.
എന്നാൽ കേരളത്തിലെ എസ്ബിഐ നിക്ഷേപം എസ്ബിഐയുടെ ആകെ നിക്ഷേപത്തിന്റെ ഏകദേശം 7 ശതമാനമാണ്. അതേ അനുപാതംവച്ചു കണക്കാക്കിയാൽ എസ്ബിഐയുടെ 3000 കോടി നിർജീവ അക്കൗണ്ട് തുകയുടെ 7% വരുന്ന തുകയായ 210 കോടി കേരളത്തിലും അവകാശികളില്ലാതെ കിടപ്പുണ്ട്.
പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലാകട്ടെ ദേശീയ സമ്പാദ്യ പദ്ധതി, പിപിഎഫ്,കിസാൻ വികാസ് പത്ര എന്നിങ്ങനെ നിരവധി പദ്ധതികളിലായിട്ടാണു പണം. 62000 കിസാൻ വികാസ് പത്രയ്ക്കും 1.9 ലക്ഷം റെക്കറിങ് നിക്ഷേപത്തിനും അവകാശികളില്ല. ഈ അക്കൗണ്ടിലെ തുക മുതിർന്ന പൗരൻമാർക്കു പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള ക്ഷേമഫണ്ടിലേക്കാണു പോകുന്നത്.
ദേശീയതലത്തിൽ ലൈഫ് ഇൻഷുറൻസ് മേഖലയിൽ 16887.6 കോടി രൂപയും മറ്റ് ഇൻഷുറൻസ് പദ്ധതികളിലായി 989.6 കോടിയും അവകാശികളില്ലാതെ കിടപ്പുണ്ട്.
Content Highlights: Inoperative Accounts, DEAF, Unclaimed deposits