ADVERTISEMENT

പണ്ട്, സത്യമംഗലം വനത്തിൽ കൊള്ളക്കാരൻ വീരപ്പന്റെ ഒളിയിടത്തിൽ റെയ്ഡ് നടത്തിയ പൊലീസ് കണ്ടെടുത്ത വസ്തുക്കളിലൊന്ന് മെഡിമിക്സ് സോപ്പായിരുന്നു.  രാജ്യത്തെ ആയിരക്കണക്കിനു പഞ്ച നക്ഷത്ര ഹോട്ടലുകളിൽ സോപ്പായും ഹാൻഡ് വാഷായും മെഡിമിക്സ് കാണാം. കുടിൽ മുതൽ കൊട്ടാരം വരെ ശുചിത്വത്തിന്റെ പര്യായമായി മാറിയ മെഡിമിക്സ് പിറവിയെടുത്തിട്ട് 50 വർഷം പിന്നിട്ടു. സ്നേഹം പതഞ്ഞ അര നൂറ്റാണ്ടു പിന്നിടുമ്പോൾ പുതിയ മേഖലകളിലേക്കു കടന്നുചെല്ലാനൊരുങ്ങുകയാണ്, ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാൻഡ്മെയ്‍ഡ് സോപ്പ്  ബ്രാൻഡ്. 

രണ്ടു കമ്പനികളായാണു മെഡിമിക്സ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മെഡിമിക്സ്  സ്ഥാപകൻ ഡോ.സിദ്ധന്റെ മകൻ പ്രദീപ് ചോലയിൽ മാനേജിങ് ഡയറക്ടറായ ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിനു കീഴിലാണ്, ദക്ഷിണേന്ത്യ ഒഴികെയുള്ള സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ബിസിനസ്. ദക്ഷിണേന്ത്യയിലെ സെയിൽസ് ആൻഡ് മാർക്കറ്റിങ് കൈകാര്യം ചെയ്യുന്നത് എവിഎ  ചോലയിൽ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡാണ്. ഡോ.സിദ്ധന്റെ മരുമകൻ ഡോ.എ.വി.അനൂപാണു സാരഥി. 

പരമ്പരാഗത ആയുർവേദ വൈദ്യ കുടുംബമായ തൃശൂർ വലപ്പാട്ട് ചോലയിലാണു ഡോ.സിദ്ധന്റെ തറവാട്. കിൽപോക് മെഡിക്കൽ കോളജിൽ മെഡിസിൻ പഠനം കഴിഞ്ഞയുടൻ അദ്ദേഹം പെരമ്പൂർ റെയിൽവേ ആശുപത്രിയിൽ ഡോക്ടറായി. അവിടെ, ചർമ പ്രശ്നങ്ങളുമായി വരുന്നവർക്ക്, 18 ഔഷങ്ങളുടെ കൂട്ടായ ‘വിപ്രതി ഓയിൽ ’ സിദ്ധൻ നൽകാറുണ്ടായിരുന്നു. നല്ല ഫലം ലഭിച്ചതോടെ  ആവശ്യക്കാരേറി. അങ്ങനെയാണ്, സോപ്പ് എന്ന ആശയം ഉണ്ടാകുന്നതും 1969-ൽ  പെരമ്പൂരിലെ റെയിൽവേ ക്വാർട്ടേഴ്സിലെ അടുക്കളയിൽ മെഡിമിക്സ് സോപ്പ് പിറവിയെടുത്തതും. സിദ്ധന്റെ ഭാര്യ സൗഭാഗ്യം പൂർണ പിന്തുണയുമായി ഒപ്പം നിന്നു. റെയിൽവേ ക്വാർട്ടേഴ്സിലെ അടുക്കളയിൽ നിന്ന്, കോടിക്കണക്കിനു വിറ്റുവരവുള്ള ബ്രാൻഡായി വളർന്നെങ്കിലും മെഡിമിക്സിന്റെ അടിത്തറയിൽ മാറ്റമില്ല- ആയുർവേദം

വ്യത്യസ്തമായ പരസ്യങ്ങളിലൂടെയാണു മെഡിമിക്സ് ജന മനസ്സുകളിൽ സ്ഥാനമുറപ്പിച്ചത്. പ്രിന്റിലും റേഡിയോയിലും തുടങ്ങിയ പരസ്യം ടിവിയുടെ വരവും നന്നായി ഉപയോഗിച്ചു. 1990കളുടെ തുടക്കത്തിൽ  എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച്, പി.സുശീല പാടിയ മെഡിമിക്സിന്റെ പരസ്യ ജിംഗിൾ സൂപ്പർ ഹിറ്റായി. യേശുദാസ് ഉൾപ്പെടെ പ്രമുഖ ഗായകരെയും താരങ്ങളെയും ഉൾപ്പെടുത്തി നടത്തിയ താരസംഗമങ്ങളും ഗാനമേളകളും വിജയിച്ച മറ്റൊരു മാർക്കറ്റിങ് നീക്കമായിരുന്നു.

ഒറ്റ മേഖലയിൽ ഒതുങ്ങി നിൽക്കാതെ വൈവിധ്യവൽക്കരണത്തിലേക്കു കടന്നതുകൂടിയാണു മെഡിമിക്സിനെ സൂപ്പർ ബ്രാൻഡാക്കിയത്. എവിഎചോലയിൽ ഗ്രൂപ്പിനു കീഴിൽ ഭക്ഷ്യ മേഖലയിൽ മേളം, ആയുർവേദ ഹെൽത്‍കെയർ മേഖലയിൽ സഞ്ജീവനം ആയുർവേദ ആശുപത്രി, പഴ്സനൽ കെയർ മേഖലയിൽ കെയ്ത്ര എന്നീ ബ്രാൻഡുകളുണ്ട്. കാക്കനാട് മൾട്ടിസ്പെഷ്യൽറ്റി ആശുപത്രി ഈയിടെ പ്രവർത്തനംതുടങ്ങി. ആയുർവേദ സൗന്ദര്യവൽക്കരണ വിപണിയിലാണു ചോലയിന്റെ വൈവിധ്യവൽക്കരണം. ക്യൂട്ടിക്കൂറ പൗഡർ, കൃഷ്ണ  തുളസി ആയുർവേദ സോപ്പ് ബ്രാൻഡുകൾ ചോലയിലിനു കീഴിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com