കമ്പി, സിമന്റ്, പിവിസി വിലക്കയറ്റം: വീടുപണിക്കു ചെലവുകൂടുന്നു
Mail This Article
കൊച്ചി∙ വാർക്കക്കമ്പിക്കും മറ്റ് സർവ ഉരുക്ക് ഉൽപന്നങ്ങൾക്കും മാത്രമല്ല സിമന്റിനും അലുമിനിയം, പിവിസി ഉൽപന്നങ്ങൾക്കും വില കയറി. കോവിഡ് കാലത്ത് ഫാക്ടറികളിൽ ഉൽപാദനം കുറഞ്ഞതുമൂലമുണ്ടായ ദൗർലഭ്യമാണു കാരണം. പെട്രോളിയം വിലവർധനയുടെ പേരിൽ പെയിന്റിനും വില കൂടുന്നു. വീടുപണി നടത്തുന്നവർക്ക് ഇരുട്ടടിയാണു വിപണിയിലെ മാറ്റം. ചതുരശ്രയടിക്കു ചെലവ് 200 രൂപ വരെ കൂടുതൽ വേണ്ടി വരുമെന്നതിനാൽ 1000 ചതുരശ്രയടിയിൽ ശരാശരി വീടു വയ്ക്കുന്നവർക്കു പോലും 2 ലക്ഷത്തിന്റെ അധികച്ചെലവാണു നേരിടേണ്ടിവരിക.
സിമന്റ്
സിമന്റിനു ചാക്കൊന്നിന് 330 രൂപയിൽ നിന്ന് 380–390 രൂപയിലെത്തി. 50 രൂപയിലേറെ കൂടി. ആയിരം ചതുരശ്രയടിയുള്ള വീടിന് 500 ചാക്ക് സിമന്റ് വേണമെങ്കിൽ 25,000 രൂപ–30,000 രൂപ അധികച്ചെലവ്.
സ്റ്റീൽ
നവംബർ മുതൽ വാർക്കക്കമ്പിക്കും സ്റ്റീൽ പ്ലേറ്റ്, ഷീറ്റ് തുടങ്ങി സർവ ഉരുക്ക് ഉൽപന്നങ്ങൾക്കും വില കയറുകയാണ്. വാർക്കക്കമ്പി കിലോഗ്രാമിനു വില 45 രൂപയിൽ നിന്ന് 68 രൂപയിലെത്തി. വില 72 രൂപ വരെ എത്തുമെന്നാണു കണക്കാക്കുന്നത്. 50 ശതമാനത്തിലേറെ വർധന. 1000 ചതുരശ്രയടി വീടിന് ഏകദേശം 5 ടൺ കമ്പി വേണ്ടി വരും. കിലോ 23 രൂപ കൂടിയതിനാൽ ടണ്ണിന് 23,000 രൂപയാണു വർധന. 5 ടണ്ണിന് 1.15 ലക്ഷം രൂപ.
അലൂമിനിയം, പിവിസി...
അലൂമിനിയത്തിന് 20%, പിവിസിക്ക് 30% വില കൂടിയിട്ടുണ്ട്. പൈപ്പ്, ടൈലുകൾ, പെയിന്റ് തുടങ്ങിയവയുടെ വിലക്കയറ്റവും കണക്കാക്കിയാൽ ചതുരശ്രയടിക്ക് 200 രൂപ വരെയും 1000 ചതുരശ്രയടി വീടിന് 2 ലക്ഷം വരെയും ചെലവു കൂടുന്നു.
ഫ്ലാറ്റുകളും വലിയ കെട്ടിടങ്ങളും
സ്റ്റീലിന്റെ വില മാത്രം പരിഗണിച്ചാൽ വലിയ പദ്ധതികൾക്കു കോടികളുടെ അധികച്ചെലവാണുണ്ടാവുക. ഒരു പദ്ധതിയിൽ 700 ടൺ സ്റ്റീൽ വേണമെങ്കിൽ സ്റ്റീലിനു 10 രൂപ വില കൂടിയാൽ 70 ലക്ഷം അധികം. 25 രൂപ കൂടിയതിനാൽ അധികച്ചെലവ് 1.75 കോടി. പുറമേ സിമന്റിനും മറ്റു സാധനങ്ങൾക്കും പെയിന്റിനും വന്ന അധികച്ചെലവ് കോടികളാണ്. ഇത് ഉപയോക്താവിലേക്കു പകരാതെ മാർഗമില്ല. എന്നാൽ കോവിഡ് കാലത്ത് വില കൂട്ടുന്നത് ഉപയോക്താക്കളെ അകറ്റുകയും ചെയ്യും. ഈ പ്രതിസന്ധിയിലാണ് കെട്ടിട നിർമാണരംഗമാകെ.