ADVERTISEMENT

കൊച്ചി ∙ നാലഞ്ചു വർഷത്തിനകം 17,000 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ പ്രകൃതിവാതക പൈപ്പ് ലൈനുകൾ പൂർത്തിയാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 1500 ൽ നിന്ന് 10,000 ആക്കി ഉയർത്തും. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ കേരളത്തിലും കർണാടകയിലുമായി 20 ലക്ഷം കുടുംബങ്ങളിൽ പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം എത്തിക്കാൻ കൊച്ചി – മംഗളൂരു വാതക പൈപ്പ് ലൈൻ വഴിയൊരുക്കി.

പൈപ്പ് ലൈൻ പൂർണ സജ്ജമായതോടെ രണ്ടു സംസ്ഥാനങ്ങളിലുമായി 700 സിഎൻജി സ്റ്റേഷനുകൾ തുറക്കാനാകും. ചെലവു കുറഞ്ഞ ഇന്ധനമായതിനാൽ രാസവളം നിർമാണശാലകളുടെ പ്രവർത്തനച്ചെലവു കുറയും. അതു കർഷകർക്കു നേട്ടമാകും. പ്രകൃതി വാതക ഉപയോഗം മലിനീകരണം കുറയാൻ സഹായിക്കും. അതു ടൂറിസ്റ്റുകളെ ആകർഷിക്കാൻ വഴിയൊരുക്കും.

2014 വരെ രാജ്യത്ത് 25 ലക്ഷം കുടുംബങ്ങളിലായിരുന്നു പിഎൻജി ലഭ്യത. ഇപ്പോഴത് 72 ലക്ഷമായി. ഭാവി ഊർജ ആവശ്യങ്ങൾ മുൻനിർത്തി പ്രകൃതി വാതകത്തിനൊപ്പം നവ, പുനരുപയോഗ ഊർജ സ്രോതസ്സുകൾക്കു കൂടി മുൻഗണന നൽകും. ജൈവ ഇന്ധനങ്ങളും ഇലക്ട്രിക് മൊബിലിറ്റിയും മുൻഗണനകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ജനങ്ങൾ സർക്കാരിനൊപ്പം നിന്നു’

ഫാക്ടിന്റെയും പെട്രോ കെമിക്കൽ പാർക്ക് പദ്ധതിയുടെയും പുരോഗതിക്കു പൈപ്പ് ലൈൻ വഴിയൊരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൻകിട വികസന പദ്ധതികൾ വരുമ്പോൾ ജനങ്ങൾക്കു ചെറിയ അസൗകര്യങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികമാണ്. അതു മറന്നു പൈപ്പ് ലൈൻ പൂർത്തിയാക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. തിരക്കേറിയ ജനവാസ മേഖലകൾ, മലയോര പ്രദേശങ്ങൾ, ജലാശയങ്ങൾ എന്നിവയിലൂടെയെല്ലാം പൈപ്പിടുന്നതു ദുഷ്കരമായിരുന്നു. ജില്ലാ ഭരണകൂടങ്ങളും വിവിധ വകുപ്പുകളും പൊലീസും ഗെയ്‌ലും ചേർന്നു തടസ്സങ്ങൾ മറികടന്നെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണയ്ക്കു നന്ദി പറയുന്നതായി കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണു പദ്ധതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ചു നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com