സ്വർണവില 7 മാസത്തെ താഴ്ന്ന നിലയിൽ
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് സ്വർണവില 7 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5% ആയി കുറയ്ക്കാനുള്ള ബജറ്റ് തീരുമാനവും രാജ്യാന്തര വിപണിയിലെ വിലക്കുറവുമാണ് സ്വർണവില കുറയാൻ കാരണമാകുന്നത്. 35480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില. ഗ്രാമിന് 4435 രൂപ. ഇതോടെ വില ബജറ്റിനു ശേഷം ഇതുവരെ 1320 രൂപ കുറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 6520 രൂപ കുറഞ്ഞിട്ടുണ്ട്.
ഡോളർ ശക്തമായി മുന്നേറുന്നതാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ തിളക്കം കുറയ്ക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില 1815 ഡോളർ വരെ കുറഞ്ഞു. വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് അമേരിക്ക പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നിക്ഷേപകർക്കുണ്ട്. ഡോളർ കരുത്താർജിക്കുന്നതോടെ വൻകിട നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കാൻ തുടങ്ങി. ഡോളറിൽ നിക്ഷേപവും തുടങ്ങിയിട്ടുണ്ട്. തൽസ്ഥിതി തുടർന്നാൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇനിയും കുറഞ്ഞേക്കും. പ്ലാറ്റിനം, പലേഡിയം തുടങ്ങിയ ലോഹങ്ങളുടെയെല്ലാം വില കുറയുകയാണ്.