ADVERTISEMENT

ന്യൂഡൽഹി ∙ യു ട്യൂബിനു വേണ്ടി കണ്ടന്റ് തയാറാക്കുന്നവരിൽ നിന്നു നികുതി ഈടാക്കാൻ ഗൂഗിൾ. പുതിയ ചട്ടം നടപ്പാക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള കണ്ടന്റ് സ്രഷ്ടാക്കൾക്കു 15% വരെ നികുതി നൽകേണ്ടി വരും. കോവിഡ് ലോക്ഡൗൺ സമയത്തു കേരളത്തിൽ നിന്നുൾപ്പെടെ ഉദിച്ചുയർന്ന കണ്ടന്റ് സ്രഷ്ടാക്കൾക്കു വലിയ തിരിച്ചടിയാണ് പുതിയ നീക്കം. 

യുഎസിനു പുറത്തുള്ള കണ്ടന്റ് സ്രഷ്ടാക്കളിൽ നിന്നു യുഎസ് ചട്ടം അനുസരിച്ചുള്ള നികുതി ഈടാക്കാനാണു കമ്പനിയുടെ തീരുമാനം. ഇതിനു മുന്നോടിയായി കണ്ടന്റ് ക്രിയേറ്റർമാർക്കു ഗൂഗിൾ അയച്ച ഇ–മെയിൽ സന്ദേശത്തിൽ നികുതി ഇളവു നൽകാൻ ആവശ്യമായ വിവരങ്ങൾ ആഡ്സെൻസിൽ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. 

യുഎസിനു പുറത്തുള്ള എല്ലാ കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ നിർദേശം ബാധകമാണ്. ഒരു നികുതിയിളവും ബാധകമല്ലെങ്കിൽ യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള പരസ്യവരുമാനം, യുട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ, ചാനൽ മെംബർഷിപ് എന്നിവയിൽ നിന്നുള്ള ഒരു ഭാഗം നികുതിയായി കമ്പനി പിടിക്കും എന്നുമാണ് അറിയുന്നത്. 

ശരിയായ നികുതി വിവരങ്ങൾ ആഡ്സെൻസിൽ സമർപ്പിച്ചാൽ പേയ്മെന്റ് വിഭാഗത്തിൽ നിങ്ങളുടെ ചാനൽ വരുമാനത്തിൽ നിന്നു എത്ര ശതമാനമാണു നികുതി പിടിക്കുക എന്നു വ്യക്തമാകും. ഇന്ത്യയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിന് 15% വരെയാണു  നികുതിയായി  നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ശരിയായ വിവരങ്ങൾ മേയ് 31നു മുൻപു സമർപ്പിച്ചില്ലെങ്കിൽ വരുമാനത്തിന്റെ 24% വരെ നികുതിയായി നൽകേണ്ടിവരും. ഇതു പക്ഷേ യുഎസിൽ നിന്നു മാത്രമല്ല ചാനലിന്റെ ലോകം മുഴുവനുള്ള കാഴ്ചക്കാരിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണു കുറയുക എന്നാണു വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com