എണ്ണവിലയിൽ വൻ ചാഞ്ചാട്ടം; പെട്രോളിനു കുറഞ്ഞത് 39 പൈസ
Mail This Article
കൊച്ചി∙ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില രണ്ടാഴ്ചയ്ക്കുള്ളിൽ 10 ശതമാനത്തിനു മുകളിൽ ഇടിഞ്ഞപ്പോൾ രാജ്യത്ത് ഇന്ധനവിലയിലുണ്ടായ കുറവ് 39 പൈസ മാത്രം. 71 ഡോളറിനു സമീപമെത്തിയ ക്രൂഡ് വില ഒരു ഘട്ടത്തിൽ 60.79 ഡോളർ വരെ ഇടിഞ്ഞു. അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ കടന്നപ്പോഴും, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാലമായതിനാൽ 24 ദിവസമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ശക്തമായി ഇടിഞ്ഞതിനെത്തുടർന്ന് ഇന്നലെ 18 പൈസയും ഇന്ന് 21 പൈസയും പെട്രോൾ, ഡീസൽ വിലകളിൽ ഇളവു വരുത്തി. ബാരലിന് 62.5 ഡോളർ നിലവാരത്തിലാണ് ബ്രെന്റ് ക്രൂഡിന്റെ വില.
ഇളവ് 6 മാസത്തിനുശേഷം
കഴിഞ്ഞ സെപ്റ്റംബർ മാസത്തിനു ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വിലയിൽ ഇളവു ലഭിക്കുന്നത്. കഴിഞ്ഞ വർഷം ക്രൂഡിന്റെ വില 20 ഡോളർ വരെ ഇടിഞ്ഞിട്ടും ഇന്ധനവിലയിൽ ഇളവു ലഭിച്ചില്ല. കഴിഞ്ഞ ഒക്ടോബർ മുതൽ രാജ്യാന്തര വിപണിയിൽ എണ്ണവില ക്രമേണ ഉയർന്നു തുടങ്ങിയപ്പോൾ രാജ്യത്തെ ഇന്ധന വിലയും കുത്തനെ കൂട്ടി. രണ്ടു മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡ് മറികടന്നു. പിന്നീട്, തുടർച്ചയായി വില വർധിപ്പിച്ചു. കഴിഞ്ഞ മാസം മാത്രം 16 തവണയാണു വില കൂട്ടിയത്.
വില കുറയാൻ കാരണം
ചില രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതും വാക്സീൻ വിതരണം വേഗം കൈവരിക്കാത്തതുമാണ് രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ വീണ്ടുമുണ്ടായാൽ ഡിമാൻഡ് കുറയുമെന്നുള്ള ആശങ്ക വിപണികളിലുണ്ട്. യൂറോപ്പിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതും കോവിഡ് വാക്സീന്റെ ലഭ്യതക്കുറവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ചൊവ്വാഴ്ച മാത്രം ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 4% ഇടിഞ്ഞു. ഡോളർ ശക്തമായി തുടരുന്നതും വില കുറയ്ക്കുന്നുണ്ട്.