വാട്സാപ് നയം: വിശദമായി അന്വേഷിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങൾക്കെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയും(സിസിഐ). പുതിയ നയം രാജ്യത്തെ കോംപറ്റീഷൻ നിയമങ്ങൾ ലംഘിക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്നും ഇതേക്കുറിച്ചു വിശദമായ പരിശോധന നടത്താൻ അന്വേഷണ വിഭാഗം ഡയറക്ടർ ജനറലിനു നിർദേശം നൽകിയെന്നും അധികൃതർ വ്യക്തമാക്കി. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
സ്വകാര്യത സംബന്ധിച്ച പുതിയ നയമാറ്റങ്ങൾ നടപ്പാക്കുന്നതിൽ നിന്നു വാട്സാപ്പിനെ വിലക്കണമെന്നു കേന്ദ്രം നേരത്തെ ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെടിരുന്നു. ഇതിനു പിന്നാലെയാണു വാട്സാപ്പിനെതിരെ കോംപറ്റീഷൻ കമ്മിഷനും രംഗത്തെത്തിയിരിക്കുന്നത്. പുതിയ നയംമാറ്റത്തിന്റെ വിശദാംശങ്ങൾ, ഡേറ്റ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ, അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം അന്വേഷണവിധേയമാകും. വാട്സാപ്പിനും മാതൃകമ്പനിയായ ഫെയ്സ്ബുക്കിനുമെതിരെ അന്വേഷണമുണ്ടാകും. നയംമാറ്റം സംബന്ധിച്ച വിവിധ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കോംപറ്റീഷൻ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
വാട്സാപ്പിന്റെ പുതിയ നയങ്ങൾ എല്ലാവരും സ്വീകരിക്കണമെന്നാണു നിർദേശമെന്നും ഇതു ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി. ‘നയം സ്വീകരിക്കുക, അല്ലെങ്കിൽ വാട്സാപ് ഉപേക്ഷിക്കുക എന്ന നിലപാടും സ്വകാര്യത നയത്തിലെ മറ്റു വിശദാംശങ്ങളും ഡേറ്റ കൈമാറുന്നതിലെ നിലപാടുകളുമെല്ലാം പരിശോധിക്കും. ഇന്ത്യൻ വിപണിയിൽ വാട്സാപ്പിന്റെ സ്ഥാനം അവർ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപവും പരിശോധിക്കും’– അധികൃതർ വിശദീകരിച്ചു.