ആകാശ് ബൈജൂസിനു സ്വന്തം; ഏറ്റെടുക്കൽ 7300 കോടിയുടെ ഇടപാട്
Mail This Article
ബെംഗളൂരു∙ വിദ്യാഭ്യാസ–പരിശീലന രംഗത്തു വീണ്ടും വമ്പൻ ഏറ്റെടുക്കലുമായി മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച വിദ്യാഭ്യാസ ടെക്നോളജി കമ്പനി ‘ബൈജൂസ്’. പരീക്ഷാപരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ആകാശ് എജ്യുക്കേഷനൽ സർവീസസിനെ ഏതാണ്ട് 7300 കോടി രൂപയ്ക്ക് ബൈജൂസ് ഏറ്റെടുത്തു. ഇതോടെ, മൊബൈൽ ആപ്– ഓൺലൈൻ വിദ്യാഭ്യാസ രംഗത്തുനിന്ന് രാജ്യമാകെ ശാഖകളുള്ള പരിശീലന സ്ഥാപന ബിസിനസിലേക്കും കടക്കാൻ ബൈജൂസിനു കഴിയും.
ബൈജൂസ് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഇടപാടാണിത്. ലോകത്തുതന്നെ വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇടപാടുകളിൽ ഏറ്റവും വലിയവയുടെ കൂട്ടത്തിൽപ്പെടും. ആകാശ് സ്ഥാപകൻ ആകാശ് ചൗധരിക്കും ആകാശിലെ മൂലധന നിക്ഷേപകരായ ബ്ലാക്സ്റ്റോൺ ഗ്രൂപ്പിനും ബൈജൂസിൽ ഓഹരി പങ്കാളിത്തം ലഭിക്കും. ഇതും പണവും ചേർന്നതാണ് ഏറ്റെടുക്കൽ ഇടപാട്. 60–65% പണമായും ബാക്കി ഓഹരിയായും ലഭിക്കുമെന്ന് ആകാശ് ചൗധരി പറഞ്ഞു.
എഡ്യുറൈറ്റ്, ട്യൂട്ടർവിസ്റ്റ, ഓസ്മോ, വൈറ്റ്ഹാറ്റ് ജൂനിയർ എന്നീ വിദ്യാഭ്യാസ ടെക് കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു. നിലവിൽ രാജ്യത്ത് 215 ശാഖകളിലൂടെ 2.5 ലക്ഷം വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ആകാശിന് ഇനി ബൈജൂസിന്റെ ഓൺലൈൻ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താനാകും.