ഓഹരി വിപണിയിൽ തകർച്ച
Mail This Article
കൊച്ചി ∙ കോവിഡിന്റെ തീവ്ര വ്യാപനത്തിൽ ഓഹരി വിപണിക്കു കനത്ത ആശങ്ക. നിക്ഷേപകരുടെ പരിഭ്രാന്തിയിൽ വിൽപന സമ്മർദം മൂർച്ഛിച്ചപ്പോൾ വിപണിയിൽ സംഭവിച്ചതു ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്ന്. സെൻസെക്സിൽ 1707.94 പോയിന്റും നിഫ്റ്റിയിൽ 524.10 പോയിന്റും തകർന്നതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 8.69 ലക്ഷം കോടി രൂപ.മഹാരാഷ്ട്ര ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ വീണ്ടും ലോക് ഡൗണിലാകാനുള്ള സാധ്യത മാത്രമല്ല തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. പണപ്പെരുപ്പ നിരക്ക് 5.52 ശതമാനമായി വർധിച്ചിരിക്കുന്നതും യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുന്നതും വിപണിയുടെ ആശങ്കയ്ക്കു കാരണമായി.
മഹാരാഷ്ട്രിൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടാൽ അതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപിക്കുന്ന ആഘാതം കനത്തതായിരിക്കുമെന്നു വിപണി ഭയക്കുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദന (ജിഡിപി) ത്തിൽ മഹാരാഷ്ട്രയുടെ സംഭാവന 14.5 ശതമാനമാണ് എന്നതാണു കാരണം.രൂപയുടെ വൻ വിലയിടിവുണ്ടായിട്ടുള്ള 95% അവസരങ്ങളിലും ഓഹരി വിപണി തകർന്നിട്ടുണ്ട്. രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം ഇടിവുണ്ടായാൽ പണപ്പെരുപ്പത്തിന്റെ തോതിൽ 0.3% വർധനയുണ്ടാകുമെന്നാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. പണപ്പെരുപ്പ നിരക്കു വീണ്ടും വർധിക്കുന്നതു വിപണി ഇഷ്ടപ്പെടുന്നില്ല.
തകർച്ചയുടെ ചിത്രം
സെൻസെക്സിന്റെ അവസാന നിരക്ക് 47,883.38 പോയിന്റ്; ഇടിവ് 3.44%
നിഫ്റ്റി അവസാനിച്ചത് 14,310.80 പോയിന്റിൽ; നഷ്ടം 3.53%
ബാങ്ക് നിഫ്റ്റിയിലെ തകർച്ച 5.10%
പൊതു മേഖലയിലെ ബാങ്കുകളുമായി ബന്ധപ്പെട്ട നിഫ്റ്റി സൂചികയിലെ ഇടിവ് 9.26%. ഏറ്റവും വലിയ ഇടിവു നേരിട്ട വ്യവസായ മേഖലയും ഇതുതന്നെ.
ഏറ്റവും വലിയ തകർച്ച ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ: 9.95%
ഏറ്റവും വലിയ നേട്ടം ഡോ. റെഡ്ഡീസ് ലാബ് ഓഹരിയിൽ: 4.97%
ഓട്ടോ, എനർജി, ഇൻഫ്ര, മെറ്റൽ സൂചികകളിലെ ഇടിവ്: 4 – 5%
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്
മുംബൈ∙ രൂപയുടെ വിനിമയമൂല്യം 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറിന് 75.05 രൂപ എന്ന നിലയിലാണ് ഇന്നലെ വിനിമയവിപണിയിൽ വ്യാപാരം അവസാനിച്ചത്. കോവിഡിന്റെ രണ്ടാം വരവ് തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയാണ് വിനിമയവിപണിയിലും പ്രതിഫലിച്ചത്. 32 പൈസയാണ് ഇന്നലത്തെ ഇടിവ്. സമീപകാലത്ത് ഡോളറിന് 72 രൂപയിൽത്താഴെ വരെ എത്തിയിരുന്ന വിനിമയ നിരക്കാണിപ്പോൾ അതിവേഗം ഉയരുന്നത്.