സിറ്റി ബാങ്ക് ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു
Mail This Article
മുംബൈ∙ ഇന്ത്യയും ചൈനയും ഉൾപ്പെടെ 13 രാജ്യങ്ങളിലെ ബാങ്കിങ് സേവനങ്ങൾ നിർത്താൻ യുഎസ് ബാങ്കായ സിറ്റിഗ്രൂപ്പ് തീരുമാനിച്ചു. താരതമ്യേന ചെറിയ വിപണികളിലെ സേവനം നിർത്തുന്നതിന്റെ ഭാഗമായാണ് സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഭവനവായ്പ, ആസ്തി കൈകാര്യം ഉൾപ്പെടെയുള്ള പ്രവർത്തനം അവസാനിപ്പിക്കുന്നത്. നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവർത്തനം നിർത്തുകയെന്നും അതുവരെ സേവനം തുടരുമെന്നും സിറ്റി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അഷു ഖുല്ലാർ പറഞ്ഞു.
സിംഗപ്പൂർ, ഹോങ്കോങ്, ലണ്ടൻ, യുഎഇ എന്നിവിടങ്ങളിലെ ബാങ്കിങ് സേവനങ്ങളിൽ മാത്രമായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഓസ്ട്രേലിയ, ബഹ്റൈൻ, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, തായ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയാണ് സിറ്റി ബാങ്ക് പ്രവർത്തനം നിർത്തുന്ന മറ്റ് 11 രാജ്യങ്ങൾ. പ്രവർത്തനം നിർത്തുന്നതിൽ ഏറെയും ഏഷ്യൻ രാജ്യങ്ങളിലേതാണ്. ഇന്ത്യയിൽ സിറ്റി ബാങ്കിന് 35 ബ്രാഞ്ചുകളും നാലായിരത്തോളം ജീവനക്കാരുമുണ്ട്. ബാങ്കിങ് സേവനങ്ങൾ നിർത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിൽ സിറ്റി സൊല്യൂഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. 1985ലാണ് സിറ്റി ഉപഭോക്തൃ ബാങ്കിങ് ബിസിനസ് ഇന്ത്യയിൽ തുടങ്ങിയത്.