ഹാൾമാർക്കിങ് ജൂൺ 1 മുതൽ തന്നെ; സജ്ജമെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ സ്വർണാഭരണത്തിന്റെ ഗുണനിലവാര മുദ്രയായ ബിഐഎസ് ഹാൾമാർക്കിങ് ജൂൺ ഒന്നു മുതൽ നിർബന്ധമായും നടപ്പിലാക്കുന്നതിന് പൂർണ സജ്ജമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഭരണ വ്യാപാരമേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്താനായാണ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്.
ആഭരണത്തിന്റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയാണിത്. ആഭരണത്തിൽ ഇത് ആലേഖനം ചെയ്തിട്ടുണ്ടാകും. ഹാൾമാർക്കിങ് നിയമം വ്യാപാരികൾ ഉപയോക്താക്കൾക്കു വിൽക്കുന്ന സ്വർണത്തിനു മാത്രമാണ്. ഉപയോക്താക്കൾക്ക് അവരുടെ കൈവശമുള്ള പഴയ സ്വർണം വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹാൾമാർക്കിങ് ആവശ്യമില്ല.
2021 ജനുവരി 15 മുതൽ ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് 2019 നവംബറിലാണ് സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 1 വരെ സമയ പരിധി നീട്ടുകയായിരുന്നു. ഇതോടെ സ്വർണാഭരണ വ്യാപാരികൾ ബ്യൂറോ ഓഫ് സ്റ്റാൻഡേഡ്സിൽ (ബിഐഎസ്) നിർബന്ധമായും റജിസ്റ്റർ ചെയ്യണം. 14,18, 22 കാരറ്റിലുള്ള ആഭരണങ്ങൾ മാത്രമാകും ജൂൺ 1മുതൽ ജ്വല്ലറികൾക്കു വിൽക്കാനാകുക. ഇതിൽ ഏതു കാരറ്റിൽ ആഭരണങ്ങൾ നിർമിച്ചാലും ഹാൾമാർക്ക് ചെയ്യണം.
ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്നും നീട്ടിവയ്ക്കുന്നതിനുള്ള യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നും കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി ലീന നന്ദനും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരിയും വ്യക്തമാക്കി.
ഇതുവരെ രാജ്യത്ത് 34,647 ജ്വല്ലറികളാണ് ലൈസൻസ് എടുത്തത്. 2 മാസത്തിനുള്ളിൽ 1 ലക്ഷം ജ്വല്ലറികൾ ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു. 2000 ഏപ്രിൽ മുതലാണ് ബിഐഎസ് സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിങ് തുടങ്ങിയത്. അതേസമയം, ഹാൾമാർക്കിങ് ധൃതിപിടിച്ച് നടപ്പാക്കരുതെന്നാണ് സ്വർണവ്യാപാര മേഖലയിലുള്ളവരുടെ ആവശ്യം.