ബജറ്റിൽ കണ്ണുനട്ട് കാർഷിക മേഖല
Mail This Article
ബജറ്റിലേക്കു നീളുന്ന പ്രതീക്ഷകളിലാണ് ഇപ്പോൾ കാർഷികോൽപന്ന വിപണി: കർഷകരെയും വ്യാപാരികളെയും മാത്രമല്ല കാർഷികോൽപന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങളെയും പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ് വ്യാപനത്തിന്റെ ആഘാതം ലഘൂകരിക്കാൻ സഹായകമായ നിർദേശങ്ങൾ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷകൾ. അതേസമയം, ലോക്ഡൗൺ കാലാവസ്ഥ തുടരുമെന്നതു വിപണിയെ അസ്വസ്ഥമാക്കുന്നുമുണ്ട്.
വലിയ പ്രതീക്ഷകൾ റബറിന്
കിലോഗ്രാമിന് 250 രൂപ എന്ന വാഗ്ദാനമാണു തിരഞ്ഞെടുപ്പുകാലത്തു റബർ കർഷകർക്കു ലഭിച്ചത്. റബർ വ്യാപാരികളുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചു നിവേദനം നൽകുകയും ചെയ്തിരുന്നു. വാഗ്ദാനം നടപ്പാക്കുമെന്ന നിർദേശം ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷ ഈ സാഹചര്യത്തിലാണ്. താങ്ങുവില 250 രൂപയായി വർധിപ്പിച്ചാൽ അതു വിപണിയിൽ ഗണ്യമായ ഉണർവിന് ഉപകരിക്കും. ടാപ്പിങ് നിർത്തിയവർ അതു പുനരാരംഭിക്കുകയും ചെയ്യും.
കടന്നുപോയ വാരം റബർ വിലയിൽ ഒരു മാറ്റവുമുണ്ടായില്ല. ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില കൊച്ചിയിൽ 17,200 രൂപയായി തുടർന്നു; ആർഎസ്എസ് – 5 ന്റെ വില 16,950 എന്ന നിരക്കിലും. എന്നാൽ രാജ്യാന്തര വിപണിയിൽ ക്രമമായ വർധന അനുഭവപ്പെടുകയും ചെയ്തു. ബാങ്കോക്കിൽ ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില 17,167 രൂപയിൽനിന്നു 17,301 വരെ ഉയർന്നു; ആർഎസ്എസ് – 5 ന്റെ വില 17,062 രൂപയായിരുന്നതു 17,196 ൽ എത്തിയിരിക്കുന്നു.
കുരുമുളകു കുതിക്കുന്നു
കുരുമുളകു വില കൂടുതൽ കരുത്താർജിക്കുന്ന പ്രവണതയായിരുന്നു കഴിഞ്ഞ ആഴ്ചയിലുടനീളം. ഒരാഴ്ചകൊണ്ടു ക്വിന്റലിന് 900 രൂപയുടെ വർധന. ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില 40,400ൽ നിന്നു 41,300 രൂപയായി. അൺഗാർബ്ൾഡിന്റെ വില 38,400 ആയിരുന്നതു 39,300 രൂപയിലെത്തി.
ഏപ്രിൽ മൂന്നാം വാരത്തിലും വില 41,000 രൂപ വരെ ഉയരുകയുണ്ടായി. എന്നാൽ ആ നിലവാരത്തിൽ തുടരാൻ കഴിയാതെപോകുകയായിരുന്നു. നാലു മാസത്തിനിടയിൽ 6700 രൂപ വർധിച്ചെങ്കിലും വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ ചരക്കു പിടിച്ചുവച്ചിരിക്കുന്നവരുണ്ടെന്നാണു വ്യാപാരികളുടെ അനുമാനം.
കേരോൽപന്നങ്ങൾക്കു നേരിയ കയറ്റം
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും നേരിയ വില വർധന അനുഭവപ്പെട്ടെങ്കിലും അത് ആഴ്ചയുടെ തുടക്കത്തിലൊതുങ്ങുകയാണുണ്ടായത്. കൊച്ചിയിൽ മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില ക്വിന്റലിനു 18,200 രൂപ നിരക്കിൽ ആരംഭിച്ച് 18,400 ൽ എത്തി അതേ നിലവാരത്തിൽ തുടർന്നു. വെളിച്ചെണ്ണ തയാർ വില 17,600 രൂപയിൽനിന്നു 17,800ൽ എത്തി നിലയുറപ്പിച്ചു. കൊപ്ര വില 11,850 രൂപയിൽനിന്നു 12050 ൽ എത്തി നിശ്ചലമായി. അതേസമയം, പാമോയിൽ വില 13,550 ൽനിന്നു 13,050 രൂപയിലേക്കു താഴ്ന്നു.
അതിനിടെ, സസ്യ എണ്ണകളുടെ അനിയന്ത്രിത വിലക്കയറ്റം തടയാൻ കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലെ ഊഹക്കച്ചവട പ്രവണതയ്ക്കു കടിഞ്ഞാണിടണമെന്നും നിർബന്ധിത ഡെലിവറി കരാർ ഉറപ്പാക്കണമെന്നും സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. സസ്യ എണ്ണയുടെ ഇറക്കുമതിക്ക് ഏതാനും മാസത്തേക്കു തീരുവ ഇളവു നൽകിയേക്കുമെന്നു സൂചനയുണ്ട്. ഇറക്കുമതി വ്യാപാരികളും സംസ്കരണശാലകളും വ്യാപാരികളും സ്റ്റോക് വെളിപ്പെടുത്തണമെന്നു നിർബന്ധിച്ചേക്കാനും സാധ്യത.
ലേലം മുടങ്ങി ഏലം
കോവിഡ് വ്യാപനം മൂർച്ഛിച്ചതോടെ ഇടുക്കിയിലെ പുറ്റടി സ്പൈസസ് പാർക്കിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂരിലും ഇ – ലേലം നടക്കാത്തതു ന്യായമായ വില നിർണയത്തിനു വിഘാതമായിരിക്കുകയാണ്. ഇതു കർഷകരെ വല്ലാത വലയ്ക്കുന്നു. ഭൂരിപക്ഷം കർഷകരും ന്യായ വില ലഭിക്കാൻ ലേലത്തെ ആശ്രയിക്കുന്നവരാണ്. ലേലം മുടങ്ങിയതു മൂലം വിൽപനയ്ക്കുള്ള അവസരമാണ് അവർക്കു നഷ്ടമായിരിക്കുന്നത്.