ADVERTISEMENT

ജൂൺ നാലിനാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കന്നി ബജറ്റ്. രണ്ടാം പിണറായി സർക്കാരിന്റെ സാമ്പത്തിക സമീപനം നവ കേരള സൃഷ്ടിക്കായിരിക്കും എന്നു പ്രകടന പത്രികയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും കൊണ്ടു വ്യക്തം. തെരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെയുള്ള ബജറ്റ് എന്ന നിലയ്ക്ക് പ്രകടനപത്രികയിൽനിന്നു വ്യത്യസ്തമായ എന്തെങ്കിലും ആശയങ്ങളോ നിർദ്ദേശങ്ങളോ നാം പ്രതീക്ഷിക്കേണ്ടതില്ല. പത്രികയിൽ പറഞ്ഞ 50 ഇന പരിപാടിയെ ആധാരമാക്കി  ആയിരിക്കും ഈ ബജറ്റ്. 

പക്ഷേ, വികസനം വിഭാവനം ചെയ്യുമ്പോൾത്തന്നെ, വിഭവം എവിടെനിന്നു കണ്ടെത്തും എന്നതും ആലോചിക്കേണ്ടതുണ്ട്. സർക്കാർ കടം വാങ്ങുക ഒരു മാർഗം തന്നെ ആണ്. പൊതു കടത്തിന്റെ ഉപയോഗം അടിസ്ഥാന  സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനും വേണ്ടിയാണെങ്കിൽ പന്തികേടില്ല. എന്നാലും പലിശഭാരം താങ്ങാവുന്നതിലും അധികമായാൽ പ്രശ്നമാകും. അപ്പോൾ പിന്നെ, മറ്റു വികസനേതരച്ചെലവു ചുരുക്കണം അല്ലെങ്കിൽ വരവു വർധിക്കണം .

വരവു വർധിക്കാൻ നികുതി നികുതിയേതര പിരിവു കാര്യക്ഷമം ആകണം. ഏറ്റവും പ്രധാനം ആഭ്യന്തര വളർച്ച നിരക്ക് കൂട്ടുക എന്നതു തന്നെ. കടവും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനവും തമ്മിൽ ഉള്ള അനുപാതം, വരുമാനം വർധിക്കും തോറും അനുകൂലമാകുമല്ലോ.പറ്റാവുന്ന എല്ലാ വികസന, വ്യാവസായിക, കാർഷിക, വാണിജ്യ ആവശ്യങ്ങൾക്കും ബാങ്ക് വായ്പയ്ക്കുള്ള സൗകര്യം ഒരുക്കുകയാണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന പദ്ധതികൾ വളരെ വേഗം നടപ്പിലാക്കാൻ സാധിക്കും. സർക്കാരിന്റെ പങ്ക് വായ്പയ്ക്കുള്ള ഒരു ചട്ടക്കൂട് ഒരുക്കുക എന്നതായിരിക്കണം. വായ്പകൾ കൊടുക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം. പലിശ സബ്‌സിഡി ഒരു നല്ല മോഡൽ ആണ്, ഇവിടെ.സർക്കാരിന്റെ 50 ഇന പരിപാടിയിൽ ഇരുപതും ബാങ്ക് വായ്പകൾ നേടി നടപ്പാക്കാവുന്നവയാണ്. പൊതു ഖജനാവിലെ പണം ഇറക്കേണ്ട. 

വായ്പ എടുക്കുന്നത് ഈ പരിപാടി നടത്തുന്ന സ്ഥാപനങ്ങൾ, അത് സ്വകാര്യ മേഖലയാകാം അല്ലെങ്കിൽ സർക്കാർ–അർദ്ധ സർക്കാർ ഏജൻസികൾ ആകാം. സർക്കാർ ചെയ്യേണ്ടത് ഇത്ര മാത്രം: വായ്പയ്ക്കുള്ള പലിശയുടെ ഒരു ഭാഗം (ചെറിയ ഭാഗമായാലും മതി) ഞങ്ങൾ തരാം എന്ന ഉറപ്പ്. ബാങ്കുകൾക്ക് അത് വലിയ ആകർഷണമാകും. പ്രത്യേകിച്ച് മുൻഗണനാ വിഭാഗത്തിൽ വരുന്ന വായ്പകളാണെങ്കിൽ.

ഏകദേശം 900 വരുന്ന എൽഡിഎഫിന്റെ വാഗ്ദാനങ്ങളിൽ 100 എണ്ണം എങ്കിലും ബാങ്ക് വായ്പാധിഷ്ഠിതമായി നടപ്പിലാക്കാം. രണ്ടു ഉദാഹരണങ്ങൾ താഴെ:

കന്നുകാലി വളർത്തൽ, ക്ഷീരോൽപാദനം (ഐറ്റം 388): തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളെ ‘ഡെയറി സ്റ്റാർട്ടപ്’ പ്രദേശങ്ങളായി രൂപാന്തരപ്പെടുത്തൽ. 2 ലക്ഷം രൂപ വരെ ഉള്ള വായ്പകൾക്ക് കേന്ദ്രം 5% വരെ പലിശ സബ്സിഡി കൊടുക്കുന്നു. സംസ്ഥാന സർക്കാർ കൂടി മൂന്നോ നാലോ ശതമാനത്തിന്റെ പലിശ സബ്സിഡി കൊടുത്താൽ ‘പലിശ രഹിത’ വായ്പകൾ ആയി മാറും ഈ സംരംഭങ്ങൾക്കുള്ള സാമ്പത്തിക സഹായം. വായ്പത്തുക കൂടിയാലും പലിശ ഭാരമില്ലല്ലോ, ഈ സബ്സിഡി കാരണം. സർക്കാരിന് 40 കോടി രൂപ കൊണ്ട് 1000 കോടി വരെ വായ്പ കൊടുപ്പിക്കാൻ സാധിക്കും. ഏതെങ്കിലും സർക്കാർ ഏജൻസിയെ ഈ പദ്ധതിയുടെ മേൽനോട്ടം ഏൽപിക്കുകയേ വേണ്ടൂ 

 വൈദ്യുത വാഹനം പ്രോത്സാഹിപ്പിക്കാൻ (ഐറ്റം 708) ഹൈബ്രിഡ് / ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യത്തെ 5 വർഷം 50% വാഹന നികുതി ഇളവ് കൊടുക്കുമെന്നാണ് വാഗ്ദാനം. ഇതു കൂടാതെ ബാങ്കുകളിൽ നിന്നും എടുക്കുന്ന വായ്പയ്ക്ക് നാലോ അഞ്ചോ ശതമാനം പലിശ സബ്സിഡി മാത്രം സർക്കാർ ഏറ്റെടുത്താൽ ഈ വായ്പകൾ ബാങ്കുകൾ കൊടുക്കും. മൊത്തം 1000 കോടി വായ്പയ്ക്ക് സർക്കാരിന്റെ ബാധ്യത 50 കോടി മാത്രം. നാട്ടിലെ ഡെലിവറി ബോയ്സിന് മുഴുവനും ഇലക്ട്രിക് സ്കൂട്ടറുകൾ വായ്പ അടിസ്ഥാനത്തിൽ കൊടുക്കാം. ഈ വായ്പകളും മുൻഗണന (പ്രിയോറിറ്റി) ഗണത്തിൽ പെടും.

ഇന്ന് സംസ്ഥാനത്തെ ബാങ്കുകളിൽ നിക്ഷേപമാണു കുന്നു കൂടുന്നത്. വായ്പ നിക്ഷേപ അനുപാതം 62%  മാത്രം. ദേശീയ ശരാശരി 72% ആണ്. വായ്പകളിൽ കൂടി ആഭ്യന്തര ഉൽപാദനവും തൊഴിൽ സാധ്യതകളും വർധിപ്പിക്കാൻ ധനമന്ത്രി ബാലഗോപാലിന്റെ ആദ്യ ബജറ്റിനു സാധിക്കട്ടെ.

(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com