വളർന്നു വരുന്നു, കേരള ചിക്കൻ
Mail This Article
കൊച്ചി∙ കേരളത്തിലെ ഇറച്ചിക്കോഴി വിപണിയുടെ പകുതി ആഭ്യന്തരമായി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കേരള ചിക്കൻ പദ്ധതി വിജയപാതയിൽ. ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ച് ഒരു വർഷമാകുമ്പോൾ, കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിനു (കെബിഎഫ്പിസിഎൽ) കീഴിൽ 5 ജില്ലകളിലായി 203 ചിക്കൻ ഫാമുകളും 45 വിപണന കേന്ദ്രങ്ങളുമുണ്ട്. നിലവിൽ പ്രതിമാസ വിൽപന ഏകദേശം 81,000 കിലോഗ്രാം. എറണാകുളം പറവൂരിൽ ആദ്യ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ വർഷം ജൂൺ 30ന്.
ഒന്നാം വാർഷികം ആകുമ്പോൾ ജില്ലയിൽ 48 ഫാമുകളും 21 വിപണന കേന്ദ്രങ്ങളുമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലും വിപണന കേന്ദ്രങ്ങളുണ്ട്. മാർക്കറ്റ് വിലയെക്കാൾ 2 രൂപ കുറച്ചാണ് വിൽപന. മരുന്നും തീറ്റയും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ നൽകി വളർത്തുന്ന കോഴികളെയാണ് വിൽക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ആണ് ചിക്കൻ ഫാമും വിപണന കേന്ദ്രവും തുടങ്ങാനാകുക. ഫാം തുടങ്ങാൻ 50,000 ഫീസ് ഉണ്ട്.
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും മരുന്നും കമ്പനി നൽകും. 45 ദിവസം പൂർത്തിയായി പൂർണ വളർച്ചയെത്തുമ്പോൾ വളർത്തുകൂലി നൽകി കമ്പനി തന്നെ കോഴികളെ വാങ്ങി വിപണന കേന്ദ്രങ്ങളിലെത്തിക്കും. കോഴിക്ക് കിലോഗ്രാമിന് 10 രൂപ വരെ ഫാമുകൾക്ക് നൽകും. സ്വകാര്യ ഇറച്ചിക്കോഴി കച്ചവടക്കാർ 6 രൂപ നൽകുമ്പോഴാണിത്. ഫാമുകളെ നിരീക്ഷിക്കാൻ ജില്ലകളിൽ ഫാം സൂപ്പർവൈസർമാരുണ്ട്.
വിപണനത്തിന്റെ ഏകോപനത്തിനും മറ്റുമായി മാർക്കറ്റിങ് എക്സിക്യൂട്ടീവുമാരെ നിയമിച്ചിട്ടുണ്ട്. കിലോഗ്രാമിന് 14 രൂപ മാർജിനാണ് കോഴിക്കടക്കാരനു ലഭിക്കുന്നത്. കമ്പനി നിലവിൽ ലാഭത്തിലല്ലെങ്കിലും ഫാമുകളും വിപണനകേന്ദ്രങ്ങളും ലാഭത്തിലാണ്. തിരുവനന്തപുരത്ത് തുടങ്ങാനിരിക്കുന്ന പൗൾട്രി പ്രോസസിങ് ഫാം യാഥാർഥ്യമാകുന്നതോടെ കമ്പനി ലാഭത്തിലെത്തുമെന്ന് അധികൃതർ പറയുന്നു.