ക്രെഡിറ്റ് കാർഡിൽ കടം പെരുകിയോ...
Mail This Article
ക്രെഡിറ്റ് കാർഡുകളിൽ ചെറുതല്ലാത്ത തുകകൾ തിരിച്ചടയ്ക്കാൻ ബാക്കിയുള്ളവരുടെ എണ്ണം ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂടി വരുന്നു. തിരിച്ചടയ്ക്കാൻ ബാക്കി നിൽക്കുന്ന തുകയിൽ 5 ശതമാനമെന്ന ചുരുങ്ങിയ തുക അടച്ച് കാർഡ് ബ്ലോക്ക് ആകാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് മിക്കവരും. കുറഞ്ഞ തുക മാത്രം ക്രെഡിറ്റ് കാർഡുകളിൽ തിരിച്ചടച്ചുകൊണ്ടിരുന്നാലുള്ള സാമ്പത്തിക ബാധ്യത മനസ്സിലാക്കണം. ഉയർന്ന രണ്ടക്ക വാർഷിക പലിശ ഈടാക്കുന്ന ക്രെഡിറ്റ് കാർഡുകൾ കടക്കെണിയിലേക്കുള്ള എളുപ്പ മാർഗമായതിനാൽ പെട്ടെന്ന് തിരിച്ചടച്ച് ഒഴിവാക്കാനുള്ള വഴികളും തേടേണ്ടതുണ്ട്.
നട്ടം തിരിയുന്നവർ
റിവോൾവിങ് സംവിധാനമെന്ന പേരിൽ മിനിമം തുക തിരിച്ചടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ബില്ലുകളിലൂടെ കമ്പനികൾ ആവശ്യപ്പെടുമ്പോൾ ബാക്കി നിൽക്കുന്ന തുകയ്ക്ക് 3% മുതൽ 4% വരെ മാസപ്പലിശയാണു നൽകേണ്ടി വരിക. യഥാർഥത്തിൽ 40% മുതൽ 50 ശതമാനത്തിന് മുകളിൽ എത്തുന്ന വാർഷിക പലിശ നിരക്കാണിത്. തിരിച്ചടയ്ക്കാതിരുന്നാൽ പലിശയും പിഴപ്പലിശയും ലേറ്റ് ഫീയും ഒക്കെക്കൂടി തുക ഇരട്ടിയാകാൻ 12 മാസം തികയേണ്ടി വരില്ല. മിനിമം തുക മാത്രം തിരിച്ചടച്ചുകൊണ്ടിരുന്നാൽ ബാക്കി നിൽക്കുന്ന തുക തീർന്നു കിട്ടാൻ എത്ര കൊല്ലം എടുക്കുമെന്നും അതിനിടയിൽ പലിശയായി എത്ര തുക നൽകേണ്ടി വരുമെന്നും കാർഡ് സ്റ്റേറ്റ്മെന്റുകളിൽ തന്നെ വ്യക്തമാക്കിയിരിക്കണമെന്ന റിസർവ് ബാങ്ക് വ്യവസ്ഥ മിക്ക കാർഡുകളും പാലിക്കുന്നില്ല. ചില ക്രെഡിറ്റ് കാർഡുകളുടെ പൊതു നിബന്ധനകളിൽ, മിനിമം തുക വീതം മാസം തോറും അടച്ചുകൊണ്ടിരുന്നാൽ 12 വർഷം തിരിച്ചടയ്ക്കേണ്ടിവരുമെന്ന് കുഞ്ഞക്ഷരങ്ങങ്ങളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്തൊക്കെ ആയാലും ബാക്കി നിൽക്കുന്ന തുകയുടെ പല ഇരട്ടി തിരിച്ചടയ്ക്കേണ്ടിവരുമെന്നും അതിൽ തന്നെ സിംഹഭാഗവും കാർഡ് കമ്പനിയുടെ പലിശ വരുമാനത്തിലേക്കാണ് പോകുകയെന്നും ഓർക്കണം.
ഒളിയമ്പുകൾ വേറെയും
മിനിമം തുക മാത്രം തിരിച്ചടയ്ക്കുമ്പോൾ സാവകാശം ലഭിക്കുമെന്ന ആശ്വാസമാണ് കാർഡ് ഉടമകൾക്ക് എങ്കിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ വേറെയുമുണ്ട്. ബ്ലോക്ക് ആക്കാത്ത കാർഡുകൾ വീണ്ടും ഉപയോഗിക്കുമ്പോൾ സാധാരണ രീതിയിൽ ലഭിക്കുന്ന 45 ദിവസത്തെ പലിശരഹിത സാവകാശം റദ്ദാക്കിയിരിക്കും. ഉപയോഗിച്ച തീയതി മുതൽ ഉയർന്ന പലിശ നൽകണം. മിനിമം തുക അടച്ചതിനാൽ കാർഡിൽ കുടിശ്ശികത്തുക ഉണ്ടാകുന്നില്ലെങ്കിലും തിരിച്ചടയ്ക്കാൻ ബാക്കി നിൽക്കുന്ന തുക, അനുവദിച്ച വായ്പാ പരിധിയുടെ 50 ശതമാനത്തിനു മുകളിലാകുമ്പോൾ ക്രെഡിറ്റ് യൂട്ടിലൈസേഷൻ ഉയരുന്നതിനാൽ ക്രെഡിറ്റ് സ്‌കോറിൽ കുറവു വരുന്നതിനു കാരണമാകും.
അതേ കാർഡിൽ പരിഹാരം
ഉപയോഗിക്കാതെ നിൽക്കുന്ന പരിധിക്ക് അനുസൃതമായി അതേ കാർഡിൽനിന്നു വായ്പ ആവശ്യപ്പെടാം. ഇത്തരത്തിൽ എടുക്കുന്ന തുകയ്ക്ക് താരതമ്യേന കുറഞ്ഞ പലിശ നൽകിയാൽ മതിയാകും. മാസത്തവണകളായി തിരിച്ചടച്ചാൽ മതി. വായ്പയെടുക്കുന്ന തുക അതേ കാർഡിൽ തന്നെ തിരിച്ചടച്ച് റിവോൾവിങ് ഒഴിവാക്കാം.
മറ്റ് കാർഡുകൾ ഉണ്ടെങ്കിൽ
ഒന്നിലധികം കാർഡുകൾ ഉള്ളവർക്ക് ഒരു കാർഡിൽ ബാക്കി നിൽക്കുന്ന തുക തിരിച്ചടയ്ക്കാൻ മറ്റൊരു കാർഡിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ സേവനം ഉപയോഗിക്കാം. 3 മുതൽ 4 ശതമാനമെന്ന മാസ പലിശ 1% മുതൽ 1.5% വരെയായി കുറയ്ക്കാൻ സാധിക്കും. മാത്രമല്ല ചുരുങ്ങിയ 3 മാസം വരെ പലിശരഹിത ബാലൻസ് ട്രാൻസ്ഫർ പല കാർഡുകളും നൽകുന്നുണ്ട്. സൗകര്യം അനുവദിക്കാൻ നൽകേണ്ടി വരുന്ന പ്രോസസിങ് ചാർജ് എത്രയാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കണം.
വ്യക്തിഗത വായ്പകൾ
ബാങ്കുകൾ നൽകുന്ന വായ്പകളിൽ ഉയർന്ന പലിശയാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. എന്ത് ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് കാർക്കശ്യമല്ലാത്തതിനാൽ വ്യക്തിഗത വായ്പകൾ എടുത്ത് ഉയർന്ന പലിശ നൽകേണ്ട ക്രെഡിറ്റ് കാർഡ് ബാദ്ധ്യത അടച്ചു തീർക്കാം. മിക്ക ബാങ്കുകളും വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത് ക്രെഡിറ്റ് കാർഡുകളെക്കാൾ വളരെ കുറഞ്ഞ നിരക്കാണ്.
അടിയന്തര വായ്പകൾ
നിക്ഷേപങ്ങൾ ഉള്ളവർക്ക് അവയുടെ ജാമ്യത്തിൽ വായ്പയെടുത്ത് കാർഡുകളിലെ കടം ഒഴിവാക്കാം. നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2% വരെ മാത്രം ഉയർന്ന നിരക്കിലാകും പലിശ. ഉയർന്ന പലിശ നൽകേണ്ടി വന്നാലും സ്വർണ്ണപണയ വായ്പകളും ക്രെഡിറ്റ് കാർഡ് ബാദ്ധ്യതകൾ ഒഴിവാക്കനായി ഉപയോഗിക്കാം. സ്ഥിരമായി ശമ്പളമോ വരുമാനമോ സ്വീകരിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ അടിയന്തര ഘട്ടങ്ങളിൽ ലഭ്യമാകുന്ന ഓവർഡ്രാഫ്റ്റ് വായ്പ എടുത്തായാലും ക്രെഡിറ്റ് കാർഡുകളിലെ കടം പെരുകുന്നത് തടയാം. കൃത്യമായി തിരിച്ചടച്ചുകൊണ്ടിരിക്കുന്ന ഭവന വായ്പകളിൽ ലഭിക്കുന്ന ടോപ്അപ് വായ്പകളാണ് അടിയന്തരമായി ഉപയോഗിക്കാവുന്ന ഏറ്റവും പലിശ കുറവുള്ള വായ്പകൾ.