സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു; യാത്ര തുടങ്ങാം
Mail This Article
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു തുടങ്ങി. സന്ദർശകരെ സ്വീകരിക്കാൻ ശുചീകരണം അടക്കമുള്ള ഒരുക്കങ്ങളിലാണ് പല കേന്ദ്രങ്ങളും. ഹോട്ടലുകൾ, റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിലും ബുക്കിങ് സ്വീകരിച്ചു തുടങ്ങി. രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സീനെങ്കിലും എടുത്തവർ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ, അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവർ എന്നിവരെ മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത കുടുംബങ്ങൾക്ക് ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനായി രേഖകളില്ലാതെ എത്തിയവരെ പലയിടത്തും തിരിച്ചയച്ചു.
∙ തിരുവനന്തപുരം: പൊന്മുടി, കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. തിരക്ക് അധികമില്ല. വർക്കല ബീച്ച് കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ തുറന്നിട്ടില്ല.
∙ കൊല്ലം: തെന്മലയിലും പാലരുവിയിലും തിരക്ക് കുറവാണ്. മൺട്രോത്തുരുത്തിൽ ഹോംസ്റ്റേകളും ശിക്കാര വള്ളങ്ങളുമെല്ലാം തയാറായെങ്കിലും സഞ്ചാരികളുടെ വരവ് തുടങ്ങുന്നതേയുള്ളൂ.
∙ പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെന്റർ തുറന്നെങ്കിലും സഞ്ചാരികൾ എത്തിത്തുടങ്ങിയില്ല. തണ്ണിത്തോട് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറ്റിലെ കുട്ടവഞ്ചി സവാരിയും പേരുവാലിയിലെ മുളങ്കുടിലുകളും സഞ്ചാരികളെ സ്വീകരിക്കാൻ ഒരുക്കം തുടങ്ങി. ട്രീ ടോപ് ബാംബു ഹട്ടിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ സഞ്ചാരികൾക്ക് തങ്ങാൻ കഴിയില്ല. കോന്നി ആനക്കൂട് ഞായറാഴ്ച ലോക്ഡൗൺ കാരണവും ഇന്നലെ അവധി കാരണവും തുറന്നില്ല.
∙ ഇടുക്കി: മൂന്നാറും തേക്കടിയും സഞ്ചാരികൾക്കായി തുറന്നു. കഴിഞ്ഞ വ്യാഴം മുതൽ ഡിടിപിസി ടൂറിസം സെന്ററുകൾ തുറന്നിരുന്നു. തേക്കടിയിൽ നിർത്തിവച്ചിരുന്ന ടൂറിസം പരിപാടികൾ ഇന്നലെ പുനരാരംഭിച്ചു. തേക്കടിയിൽ വർധിപ്പിച്ച ബോട്ട് ടിക്കറ്റ് നിരക്ക് പിൻവലിച്ചു. ആദ്യദിനത്തിൽ സഞ്ചാരികളുടെ എണ്ണം കുറവാണ്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വന്നാൽ അവിടെ നിന്ന് വലിയ തോതിലുള്ള സഞ്ചാരികളുടെ വരവു പ്രതീക്ഷിക്കുന്നു.
∙ കോട്ടയം: കുമരകത്ത് ഹോട്ടലുകളും റിസോർട്ടുകളും ബുക്കിങ് തുടങ്ങി. 980 മുറികളാണുള്ളത്. കഴിഞ്ഞ ശനിയാഴ്ച 20 ശതമാനം മുറികളിൽ വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഓരോ ദിവസവും ബുക്കിങ് കൂടി വരുന്നുണ്ടെന്നു വേമ്പനാട് ചേംബർ ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട് അസോസിയേഷൻ സെക്രട്ടറി കെ.അരുൺകുമാർ പറഞ്ഞു. വാഗമൺ തുറന്നതോടെ പ്രതിദിനം അറുന്നൂറോളം പേർ എത്തുന്നുണ്ട്.
∙ ആലപ്പുഴ: ആയിരത്തിലേറെ ഹൗസ് ബോട്ടുകളുണ്ടങ്കിലും ഇന്നലെ ഓടിയത് 72 എണ്ണം. കുറച്ചു ശിക്കാര വള്ളങ്ങളും ഓടുന്നുണ്ട്. ബോഡിങ് പാസുള്ള ഹൗസ് ബോട്ടുകൾക്ക് മാത്രമേ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുള്ളൂ. ഇതിന് യാത്രക്കാർ കോവിഡ് വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർടിപിസിആർ രേഖയോ ഹാജരാക്കണം. റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ ഉൾപ്പെടെയുള്ളവയും സജീവമായിട്ടില്ല. ബീച്ചിലും പ്രവേശനമില്ല.
∙ എറണാകുളം: ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയുടെ മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കരുതെന്ന് കലക്ടറുടെ ഉത്തരവുണ്ട്. പെരിയാറിൽ വെള്ളം ഉയർന്നതിനാൽ പാണിയേലിപ്പോര് തുടങ്ങിയ മേഖലകൾ തുറന്നിട്ടില്ല. കോടനാട് കപ്രിക്കാട് അഭയാരണ്യം 12നു തുറക്കും. ഫോർട്ട്കൊച്ചി ബീച്ചും പൈതൃക കേന്ദ്രങ്ങളും അടഞ്ഞുതന്നെ. അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. മട്ടാഞ്ചേരി ജൂതപ്പള്ളി വിനോദസഞ്ചാരികൾക്കായി ഇന്നു തുറക്കും. മുസിരിസ് പൈതൃക പദ്ധതിയിലെ എല്ലാ മ്യൂസിയങ്ങളും ഇന്നു തുറക്കും. ബോട്ട് സർവീസും ആരംഭിക്കും. ചെറായി ബീച്ച് പരിസരത്ത് റിസോർട്ടുകളും ഹോംസ്റ്റേകളും തുറന്നു. സന്ദർശകർ കുറവാണ്. വീടുകളോടു ചേർന്നുള്ള ഭക്ഷണശാലകൾ തുറന്നിട്ടുണ്ട്.
∙ തൃശൂർ: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന്റെ മുന്നോടിയായുള്ള ശുചീകരണം നടക്കുന്നു. 4 ദിവസം മുൻപേ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയെങ്കിലും ഇവരെ ചെക്ക്പോസ്റ്റിൽ തടഞ്ഞിരുന്നു.
∙ പാലക്കാട്: വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളുള്ള സ്ഥലങ്ങൾ ഭൂരിഭാഗവും കണ്ടെയ്ൻമെന്റ് സോണുകൾ ആയതിനാൽ തുറക്കാൻ കഴിഞ്ഞില്ല. സൈലന്റ്‌വാലി, അനങ്ങൻമല, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ വളരെ കുറച്ചു സഞ്ചാരികൾ മാത്രമാണ് എത്തിയത്.
∙ മലപ്പുറം: പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് പാർക്കിൽ ഇന്നലെ മുതൽ പൊതുജനങ്ങൾക്കു പ്രവേശനം നൽകി. നൂറിലേറെ കുടുംബങ്ങളെത്തി.
∙ കോഴിക്കോട്: തുഷാരഗിരിയിൽ ഇന്നലെ 94 പേരാണ് എത്തിയത്. അരിപ്പാറ വെള്ളച്ചാട്ടം ട്രിപ്പിൾ ലോക്ഡൗണിലായതിനാൽ പ്രവേശനം ഇല്ല. കക്കാട് ഇക്കോടൂറിസം കേന്ദ്രവും വനപർവവും തുറന്നു. പെരുവണ്ണാമുഴി ഡാമിനോടു ചേർന്ന വിനോദസഞ്ചാരകേന്ദ്രം തുറന്നു. കരിയാത്തുംപാറയിലും തോണിക്കടവിലും സന്ദർശകരെത്തി. കണ്ടെയ്ൻമെന്റ് സോണിലായതിനാൽ കക്കയം വിനോദസഞ്ചാരകേന്ദ്രം തുറന്നിട്ടില്ല. ജില്ലയിലെ ബീച്ചുകൾ തുറക്കില്ലെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചിരുന്നു.
∙ വയനാട്: ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നു തുറക്കും. എടയ്ക്കൽ ഗുഹ, കറലാട് ചിറ, ബത്തേരി ടൗൺ സ്ക്വയർ, കാന്തൻപാറ വെള്ളച്ചാട്ടം, മാവിലാംതോട് പഴശി പാർക്ക്, ചീങ്ങേരി മല എന്നീ കേന്ദ്രങ്ങളാണു തുറക്കുക. ബാണാസുര സാഗർ ജലാശയത്തിൽ ഇന്നലെ മുതൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ട്. പൂക്കോട് തടാകം, കുറുവാ ദ്വീപ്, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നിവ തുറക്കുന്നതു സംബന്ധിച്ചു വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും.
∙ കണ്ണൂർ: രണ്ടു ദിവസത്തിനകം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർണമായി തുറന്നു കൊടുക്കാൻ കഴിയുമെന്നാണു കരുതുന്നത്. കടൽക്ഷോഭമുള്ള സമയമായതിനാൽ ബീച്ചുകളിൽ ആളുകൾ എത്തുന്നതു കുറവാണ്.
∙ കാസർകോട്: ബേക്കൽ കോട്ട തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം ഇന്നലെ തുറന്നു. ബീച്ചുകളിൽ സന്ദർശകർ കുറവാണ്.
പുറത്തുനിന്ന് സഞ്ചാരികൾ ഇല്ല
കേരളത്തിലേക്ക് മറ്റു സ്ഥലങ്ങളിൽനിന്നു വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടില്ല. ഇന്ത്യ ടൂറിസ്റ്റ് വീസയും കൊടുക്കുന്നില്ല. എന്നാൽ ഈ മാസം അവസാനമാവുമ്പോഴേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിമാനത്തിൽ സഞ്ചാരികളെത്തും. ഉത്തരേന്ത്യയിൽ ദീപാവലി, പൂജ, ജന്മാഷ്ടമി അവധി ദിനങ്ങൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വരുന്നുണ്ട്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സീസൺ ആരംഭം അതാണ്. കേരള ടൂറിസം വകുപ്പ് സഞ്ചാരികളെ ആകർഷിക്കാൻ പ്രചാരണ പരിപാടി നടത്തണമെന്നും ആവശ്യമുണ്ട്. മുംബൈ,ഡൽഹി, ബെംഗളൂരു വിമാന സർവീസുകളുടെ എണ്ണം പഴയ നിലയിലായാൽ മാത്രമേ യാത്രാ നിരക്കുകൾ കുറയൂ.