തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതിനു മുകളിൽ വീട്
Mail This Article
തിരുവനന്തപുരം∙ വെള്ളപ്പൊക്കമുണ്ടായാൽ പൊങ്ങിക്കിടക്കുന്ന (ആംഫിബിയസ്) വീടുകൾ നിർമിച്ച് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്. സ്റ്റാർട്ടപ് മിഷന്റെയും സ്റ്റാർട്ടപ് ഇന്ത്യയുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നെസ്റ്റ് അബൈഡ് എന്ന സ്ഥാപനമാണു പുതിയ സാങ്കേതികവിദ്യയ്ക്കു പിന്നിൽ. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ തൂണുകൾക്കു മുകളിൽ വീടുകൾ നിർമിക്കുന്നതു മൂലമുള്ള പ്രയാസങ്ങൾ ഒഴിവാകുമെന്നതാണ് ആംഫിബിയസ് വീടുകളുടെ പ്രയോജനം.
കോട്ടയം കുറവിലങ്ങാടാണ് നെസ്റ്റ് അബൈഡിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിർമിച്ചിരിക്കുന്നത്. തറ നിർമിക്കാനുള്ള കുഴിയുടെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് കോൺക്രീറ്റ് ബോയെന്റ് ഫൗണ്ടേഷൻ നിർമിച്ചാണു വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള സൗകര്യമൊരുക്കുന്നത്. ഉള്ളു പൊള്ളയായ കോൺക്രീറ്റ് ബോക്സ് ആണ് വീടിന്റെ തറയായി ഉപയോഗിക്കുന്നത്.
സിവിൽ എൻജിനീയറായ തിരുവനന്തപുരം സ്വദേശിനി നന്മ ഗിരീഷ്, ഇലക്ട്രിക്കൽ എൻജിനീയറായ ബെൻ കെ.ജോർജ് എന്നിവരാണു സ്റ്റാർട്ടപ്പിനു നേതൃത്വം നൽകുന്നത്. നെതർലൻഡ്സ്, പോളണ്ട് എന്നിവിടങ്ങളിൽ പഠനം നടത്തിയാണ് ആംഫിബിയസ് വീടുകൾ എന്ന ആശയം കേരളത്തിൽ നടപ്പാക്കുന്നത്. 3 നിലകൾ വരെ നിർമിക്കാം. 4 മീറ്റർ വരെ വെള്ളം പൊങ്ങിയാലും വീടുകൾ സുരക്ഷിതമായിരിക്കും. ചതുരശ്ര മീറ്ററിന് 1500 രൂപ മുതൽ ചെലവിൽ ഇത്തരം വീടുകൾ നിർമിക്കാം. സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.