ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര നിലവാരത്തിലുള്ള 7 മെഗാ സംയോജിത ടെക്സ്റ്റൈൽ പാർക്കുകൾ രാജ്യത്തു സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പിഎം മിത്ര (പ്രധാനമന്തി മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജൻ ആൻഡ് അപ്പാരൽ) എന്നു പേരിട്ട പാർക്കുകൾക്ക് 4,445 കോടി രൂപ 5 വർഷത്തേക്കു നീക്കിവയ്ക്കും. പ്രധാനമന്ത്രിയുടെ ഫാം–ഫൈബർ–ഫാക്ടറി–ഫാഷൻ–ഫോറിൻ എന്ന ‘5എഫ്’ സങ്കൽപത്തിനനുസരിച്ചാണ് സംയോജിത പാർക്കുകൾ രൂപവൽക്കരിക്കുന്നതെന്ന് വാണിജ്യ, ടെക്സ്റ്റൈൽ മന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി ദർശന ജാർദോഷ് എന്നിവർ അറിയിച്ചു. 

നൂൽനൂൽപു മുതൽ വസ്ത്രനിർമാണം വരെ ഒരു കേന്ദ്രത്തിൽ സജ്ജീകരിക്കുന്ന പാർക്കിന് സംസ്ഥാനങ്ങൾ 1000 ഏക്കർ സ്ഥലം ലഭ്യമാക്കണം. ഇതുവരെ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവയടക്കം 10 സംസ്ഥാനങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കേരളം സന്നദ്ധത അറിയിച്ചിട്ടില്ല. സൗജന്യ സ്ഥലം, കുറഞ്ഞ ചെലവിൽ വൈദ്യുതി, ജലം, മറ്റു സൗകര്യങ്ങൾ എന്നിവ നൽകുന്ന സംസ്ഥാനങ്ങൾക്ക് പരിഗണന നൽകുമെന്ന് മന്ത്രിമാർ പറഞ്ഞു. സ്വകാര്യപങ്കാളിത്തത്തോടെ സംസ്ഥാന–കേന്ദ്രസർക്കാരുകൾ ചേർന്നാണ് പാർക്കുകൾ സ്ഥാപിക്കുക. 

നിലവിലുള്ള ഏതെങ്കിലും പദ്ധതി വിപുലീകരിക്കാൻ 200 കോടി രൂപയും പുതിയ പാർക്കുകൾക്ക് 500 കോടി രൂപയും വികസന മൂലധനമായി കേന്ദ്രസർക്കാർ നൽകും. പാർക്കുകളോടനുബന്ധിച്ച് താമസസ്ഥലങ്ങൾ, ലോജിസ്റ്റിക്സ് പാർക്ക്, വെയർഹൗസുകൾ, ആശുപത്രി സൗകര്യങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുമുണ്ടാകും. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്ന് സ്വകാര്യ പങ്കാളിത്തത്തോടെ സ്പെഷൽ പർപ്പസ് വെഹിക്കിളുകൾ രൂപവൽക്കരിക്കും.  പാർക്കുകളിൽ ആദ്യം വ്യവസായം സ്ഥാപിക്കാനെത്തുന്നവർക്ക് ആദ്യ മൂന്നു വർഷം യൂണിറ്റിന് 30 കോടി വച്ച് സാമ്പത്തിക സഹായം നൽകും. പാർക്കിന്റെ മുഖ്യ പങ്കാളിയെ സുതാര്യമായ പ്രക്രിയയിലൂടെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്ന് തിരഞ്ഞെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com