ചക്ക, പാഷൻ ഫ്രൂട്ട് മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിക്കു തുടക്കം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു നിന്നു ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ 15 മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിക്കു തുടക്കമായി. ചക്ക ഉൽപന്നങ്ങൾ സിംഗപ്പൂർ, നേപ്പാൾ, ഖത്തർ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കും പാഷൻ ഫ്രൂട്ട് ഉൽപന്നങ്ങൾ ഓസ്ട്രേലിയയിലേക്കുമാണ് അയയ്ക്കുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡവലപ്‌മെന്റ് അതോറിറ്റി (എപിഡിഎ)യുടെ നേതൃത്വത്തിലാണ് ഇത്.
ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയുടെ ഒരു ടൺ മൂല്യവർധിത ഉൽപന്നങ്ങളാണ് തൃശൂരിൽ നിന്നു കയറ്റുമതിക്കായി സംഭരിച്ചത്. ചക്ക സ്‌ക്വാഷ്, പൊടി, പുട്ടുപൊടി, ചപ്പാത്തിപ്പൊടി, ദോശ / ഇഡ്ഡലി പൊടി, ഉപ്പുമാവു പൊടി, അച്ചാർ, ചിപ്സ്, ഫ്രൂട്ട് പൾപ്പ്, ചക്കവരട്ടി, ഉണങ്ങിയ ചക്ക, പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, ജാതിക്ക സ്‌ക്വാഷ്, മിഠായി, അച്ചാർ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ. എപിഡിഎ ചെയർമാൻ ഡോ. എം. അംഗമുത്തു, കൃഷി ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ കയറ്റുമതി ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.