ADVERTISEMENT

കൊച്ചി∙ കരാർ ഒപ്പിട്ട് പത്താം വർഷം കഴിയുമ്പോൾ സ്മാർട്സിറ്റി കൊച്ചി പദ്ധതിയുടെ ലക്ഷ്യങ്ങളിൽ എത്ര നേടി? 2011ൽ ഒപ്പിട്ട കരാർ അനുസരിച്ച് 10 വർഷം കൊണ്ട് മിനിമം 88 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളും 90,000 തൊഴിലവസരങ്ങളും ഉണ്ടാകണം. പക്ഷേ തങ്ങൾക്കു ലഭിച്ച 246 ഏക്കർ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയായി (എസ്ഇസെഡ്) ഉത്തരവായത് 2014ൽ ആയതിനാൽ 2024ലാണ് 10 വർഷം തികയുന്നതെന്ന് സ്മാർട്സിറ്റി അധികൃതർ വാദിക്കുന്നു. 

1. പാട്ടഭൂമിയും ഫ്രീ ഹോൾഡ് ഭൂമിയും 

കാക്കനാട് ഇടച്ചിറയിൽ 246 ഏക്കർ നൽകുമെന്ന വ്യവസ്ഥയിൽ 60 സെന്റ് ഇനിയും കിട്ടാനുണ്ട്. 246 ഏക്കറിൽ 29.5 ഏക്കർ ഭൂമി അഥവാ 12% ഭൂമി നിക്ഷേപകരായ ദുബായ് ഹോൾഡിങ്ങിന് സ്വതന്ത്ര ഉടമസ്ഥതയാണ് (ഫ്രീ ഹോൾഡ്). വിൽക്കാൻ കഴിയും. ബാക്കി 216 ഏക്കർ 99 വർഷത്തെ പാട്ടം. ഈ ഭൂമി വിൽക്കാനാകില്ല. ഫ്രീ ഹോൾഡ് ഭൂമിയിലാണ് പാർപ്പിടങ്ങളും ഹോട്ടലുകളും വിനോദ സൗകര്യങ്ങളും വരേണ്ടത്. പക്ഷേ സ്മാർട്സിറ്റിക്ക് അവകാശപ്പെട്ട ഫ്രീഹോൾഡ് 29.5 ഏക്കറിനു നൽകി ഇതുവരെ ഉത്തരവായിട്ടില്ല. 2018ൽ അപേക്ഷ നൽകിയെങ്കിലും 3 വർഷമായി, പരിഗണനയിലാണെന്ന മറുപടി മാത്രം. അതിനാൽ നിക്ഷേപകരേറെ ഉണ്ടെങ്കിലും ഈ ഭൂമി നൽകാൻ കഴിഞ്ഞിട്ടില്ല. 

2. നിക്ഷേപകർക്ക് എത്ര ഭൂമി 

കടമ്പ്രയാറിന്റെ തീരത്തു കാടുപിടിച്ചു കിടന്ന ഭൂമിയുടെ 63% വികസിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി സബ്സ്റ്റേഷൻ, ജലശുദ്ധീകരണ പ്ലാന്റ്, റോഡുകൾ തുടങ്ങിയവ ഏർപ്പെടുത്തിയ ശേഷമുള്ള 169 ഏക്കറിൽ ജെംസ് സ്കൂൾ ഉൾപ്പടെ 50 ഏക്കർ വിവിധ കമ്പനികൾക്ക് അലോട്ട് ചെയ്തു. ഇനി 56 ഏക്കർ വികസിത ഭൂമി നിക്ഷേപകർ വന്നാൽ നൽകാൻ റെഡിയാണ്. റോഡും വൈദ്യുതിയും മറ്റും ഏർപ്പെടുത്തി 63 ഏക്കർ കൂടി ഇനി വികസിപ്പിക്കാനുമുണ്ട്. 

3. കെട്ടിട നിർമാണം 

നിലവിൽ 62 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങൾ പണി തീരുകയോ പണി പുരോഗമിക്കുകയോ ആണ്. അതിൽ സ്മാർട് സിറ്റി നിക്ഷേപകരായ ദുബായ് ഹോൾഡിങ് നിർമിച്ച 6.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി കെട്ടിടവും സഹ വികസന പങ്കാളികളുടെ (കോ ഡവലപ്പേഴ്സ്) 55 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും ഉൾപ്പെടും. ലുലു ഗ്രൂപ്പിൽപ്പെട്ട സാന്റ്സ് ഇൻഫ്രയുടെ 2 ടവറുകൾ (33 ലക്ഷം), പ്രസ്റ്റീജ് ഗ്രൂപ്പ് (15), മാറാട്ട് ഗ്രൂപ്പ് ( 5 ലക്ഷം), മാരി ആപ്സ് (2 ലക്ഷം) എന്നിവ. മിനിമം 62 ലക്ഷം ചതുരശ്രയടി നിർമിത സ്ഥലം ഐടിക്കു മാത്രമായി വേണമെന്ന കരാർ വ്യവസ്ഥ പാലിക്കപ്പെട്ടിട്ടുണ്ട്. പണി തീരാനുണ്ടെന്നു മാത്രം. ഫ്രീ ഹോൾഡ് ഭൂമി കൂടി കിട്ടിയിരുന്നെങ്കിൽ പാർപ്പിടങ്ങളും ഹോട്ടലുകളും മറ്റുമായി ടൗൺഷിപ്പ് പണി തീരുമായിരുന്നു. 

4. തൊഴിലവസരങ്ങൾ

സ്മാർട്സിറ്റി സ്വയം നിർമിച്ച ആദ്യ കെട്ടിടം പൂർണമായി വിവിധ കമ്പനികൾ ഏറ്റെടുത്തിട്ടുണ്ട്. 37 കമ്പനികളും മാരി ആപ്സിന്റെ 4 കമ്പനികളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഇവൈ (യുകെ), സോട്ടി (കാന‍ഡ), അസെൻഷിയോ (സിംഗപ്പൂർ) ഉദാഹരണങ്ങൾ. എന്നാൽ പ്രതീക്ഷിച്ചിരുന്നത്ര വൻകിട ആഗോള ബ്രാൻഡുകൾ ഒന്നും വന്നില്ല. നിലവിലുള്ള കമ്പനികളിലെല്ലാം കൂടി 4750 പേർക്കു പ്രത്യക്ഷമായി ജോലിയുണ്ട്. 90,000 തൊഴിലവസരം എന്ന ലക്ഷ്യത്തിൽനിന്നു വളരെ അകലെ. 

5. പ്രതിസന്ധികൾ

പ്രളയവും കോവിഡും അപ്രതീക്ഷിത പ്രതിസന്ധികളായിരുന്നുവെന്ന് സ്മാർട്സിറ്റി സിഇഒ മനോജ് നായർ പറയുന്നു. 2018ലെ പ്രളയം ഒട്ടേറെ കമ്പനികളുടെ രൂപകൽപനയിൽ മാറ്റം വരുത്താനും കാലതാമസത്തിനും ഇടയാക്കി. കോവിഡ് മൂലം 2 വർഷം നിശ്ചലമായി. പണി തീരുന്ന ഐടി കെട്ടിടങ്ങളിൽ എത്ര നിക്ഷേപം വരും എന്നത് കോവിഡിനു ശേഷമുള്ള ബിസിനസ് സാഹചര്യം അനുസരിച്ചിരിക്കും. 

6. മുതൽമുടക്ക് 

പദ്ധതിയിൽ കൊണ്ടുവരേണ്ട മിനിമം അടിസ്ഥാന മുതൽമുടക്ക് 1700 കോടി രൂപയാണ്. ആ ലക്ഷ്യം നേടിയെന്നു മാത്രമല്ല ഇതുവരെയുള്ള മുതൽമുടക്ക് 2600 കോടി കവിഞ്ഞു. അതിൽ 1935 കോടിയുടെ കെട്ടിട നിർമാണങ്ങൾ പുരോഗമിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com