യുക്രെയ്ൻ യുദ്ധ ഭീതി; സ്വർണം, ക്രൂഡ് വില കുതിച്ചുയരുന്നു
Mail This Article
കൊച്ചി∙ യുക്രെയ്നു മേൽ റഷ്യയുടെ യുദ്ധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വിലയും അസംസ്കൃത എണ്ണവിലയിലും കുതിപ്പു തുടരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതിന്റെ ഫലമായി കേരളത്തിൽ ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ ഒരു പവന് 37,440 രൂപയായി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 4680 രൂപയാണ് ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില.
അതേസമയം രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസം ട്രോയ് ഔൺസിന് 1870 ഡോളർ ആയിരുന്ന സ്വർണവില ഇന്നലെ കുറഞ്ഞ് 1850 ഡോളറിൽ എത്തിയിട്ടുണ്ട്.
റഷ്യ– യുക്രെയ്ൻ സംഘർഷ സാധ്യത കണക്കിലെടുത്ത്, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നത്. യുദ്ധമെന്ന നിലപാടുമായി റഷ്യ മുന്നോട്ടുപോയാൽ സ്വർണ വില 1930 ഡോളറിലേക്ക് എത്തുമെന്ന് നിരീക്ഷകർ കണക്കുകൂട്ടുന്നു.
അതേസമയം ക്രൂഡ് ഓയിൽ വില 94–96 ഡോളറിനിടയിൽ തുടരുകയാണ്. 2014 നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യങ്ങളിൽ ഒന്നായ റഷ്യ യുദ്ധത്തിലേക്കു കടന്നാൽ ആഗോളതലത്തിൽ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയിൽ വിലയെ അസ്ഥിരപ്പെടുത്തുന്നത്.
ഇന്ധന വില കൂടുന്നില്ല എന്നതു മാത്രമാണ് രാജ്യത്തെ ജനങ്ങൾക്ക് അൽപം ആശ്വാസം. എന്നാൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മാർച്ചിൽ അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില വർധിക്കും എന്നാണ് കരുതപ്പെടുന്നത്.
വജ്ര വിലയിൽ വൻ വർധന
കൊച്ചി∙ സ്വർണത്തിനോപ്പം വജ്ര വിലയിലും വൻ വർധന. ഒരു മാസത്തിനുള്ളിൽ ഏകദേശം 50% വില വർധനയാണുണ്ടായത്. കാരറ്റിന് 15000 മുതൽ 25000 രൂപ വരെ കൂടി. 5 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനയാണിത്. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വില വൻതോതിൽ കൂടിയതാണ് വിലക്കയറ്റത്തിനു കാരണം.
പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു. കോവിഡിനെ തുടർന്നു പല ഡയമണ്ട് സെന്ററുകളും നിർമാണം പകുതിയാക്കിയതും വില വർധിക്കാൻ കാരണമായി. ഇനിയും വില കൂടുമെന്നതിനാൽ കേരളത്തിൽ ഡയമണ്ട് വിതരണം ചെയ്യുന്ന വൻകിട നിർമാതാക്കൾ ഉൾപ്പടെയുള്ളവർ വിതരണം നിർത്തിവച്ചിരിക്കുകയാണ്.