പുത്തൻ ഫാഷൻ തുന്നാൻ ഖാദി; ഐഎഫ്ടികെയുമായി ധാരണാപത്രം ഒപ്പുവച്ചു
Mail This Article
പാലക്കാട് ∙ ഫാഷൻ ഉൽപന്നങ്ങളിലേക്കും പുതിയ ഡിസൈനുകളിലേക്കും പ്രവേശിക്കാൻ ഒരുങ്ങി ഖാദിയും. വിവാഹവസ്ത്രങ്ങൾ, പാന്റ്സ് തുണി, പർദ, കുട്ടികളുടെ വസ്ത്രങ്ങൾ, ചുരിദാർ എന്നിവ ഇനി ഖാദിയിൽ ഒരുങ്ങും. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജിയുമായി (ഐഎഫ്ടികെ) ഖാദി ബോർഡ് ധാരണാപത്രം ഒപ്പുവച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധർ ഉൽപാദനകേന്ദ്രങ്ങളിലെത്തി പരിശീലനം നൽകും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജിയുടെ(നിഫ്റ്റ്) സഹായവും തേടും.
നിലവിലുള്ള റെഡിമെയ്ഡ് യൂണിറ്റുകളിലും, തൊഴിലാളികൾക്കു പീസ് വർക്ക് നൽകിയും നിർമിക്കുന്ന ഖാദിയുടെ കുട്ടിക്കുപ്പായം അടുത്ത മാസം വിൽപനയ്ക്ക് എത്തിക്കും. സർക്കാർ, സഹകരണ, കേരള ബാങ്ക് ജീവനക്കാർ ഖാദി ധരിക്കണമെന്ന സർക്കാർ ഉത്തരവ് മേഖലയിൽ മികച്ച പ്രതികരണമുണ്ടാക്കിയതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അറിയിച്ചു. വ്യാജ ഖാദി ഉൽപന്നങ്ങൾ പിടികൂടാൻ ഖാദി കമ്മിഷന്റെ സഹായത്തോടെ സ്ക്വാഡുകൾക്കു തുടക്കംകുറിച്ചു.
English Summary: Khadi ready to starts fashion product.