തോട്ടങ്ങളിലെ പഴം കൃഷി: ഭൂപരിഷ്കരണ നിയമത്തെ ബാധിക്കില്ലെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം∙ തോട്ടങ്ങളിലെ പഴം, പച്ചക്കറി കൃഷിക്കായി വലിയ നിയമഭേദഗതി വേണ്ടിവരുമെന്നു തോന്നുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. തോട്ടങ്ങളിൽ ഈ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യാമെന്ന നിലയിൽ നിയമം മാറ്റിയാൽ മതിയാകും. കശുമാവ് ഇങ്ങനെ പിന്നീട് ഉൾപ്പെടുത്തിയിരുന്നു. ഭൂപരിഷ്കരണ നിയമത്തെ ബാധിക്കാതെ തന്നെ ഇതു നടപ്പാക്കാൻ കഴിയും.
ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ വേണ്ടിയാണു സമിതിയെ നിയോഗിക്കുന്നത്. ഒരേ മേഖലയിൽ തന്നെ രണ്ടു ന്യായവില ഉള്ളതായി പരാതിയുണ്ട്. വിപണി മൂല്യവുമായി തീരെ പൊരുത്തപ്പെടാത്ത സ്ഥിതിയും ഉണ്ട്.
മരച്ചീനിയിൽ നിന്ന് എഥനോൾ നിർമിക്കാനുള്ള പദ്ധതി മദ്യം ഉൽപാദിപ്പിക്കാൻ വേണ്ടി മാത്രമാണെന്നു കരുതരുതെന്നു മന്ത്രി പറഞ്ഞു. പായലിൽ നിന്നു ബയോ ഡീസൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന വാർത്ത കേട്ടപ്പോൾ അതു പരീക്ഷിക്കാനുള്ള സഹായം ചെയ്യാൻ സർക്കാർ തയാറായി. അതു പോലുള്ള പരീക്ഷണങ്ങൾ വേണ്ടി വരും.
ക്ഷേമ പെൻഷനുകൾ ഇക്കൊല്ലം വർധിപ്പിക്കാൻ കഴിയുന്ന സാഹചര്യം ഇല്ല. എന്നാൽ ക്ഷേമ പെൻഷൻ തുക കൂട്ടുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ നിന്നു സർക്കാർ പിന്നോട്ടു പോവില്ല. കോവിഡിനെക്കുറിച്ച് പഠനങ്ങൾ ഇല്ലെന്ന പ്രശ്നമില്ലെന്നു പ്രതിപക്ഷ വിമർശനത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.