ADVERTISEMENT

കോട്ടയം∙ ബാറ്ററി സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിക്കുമെന്നു കരുതപ്പെടുന്ന സോളിഡ് സ്‌റ്റേറ്റ് ബാറ്ററി ടെക്‌നോളജിക്കായുള്ള പുതിയ കേന്ദ്രം തിരുവനന്തപുരം ഐസറിൽ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ ‘ഇന്റഗ്രേറ്റഡ് ക്ലീൻ എനർജി മെറ്റീരിയൽ ആക്‌സിലറേഷൻ പ്ലാറ്റ്‌ഫോം’ എന്ന പേരിലാണ് കേന്ദ്രം. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്(IISER) ഫിസിക്‌സ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.എം.എം.ഷൈജുമോൻ കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ്ങിൽ നിന്ന് ഇതു സംബന്ധിച്ച സൈറ്റേഷൻ ഏറ്റുവാങ്ങി.

ഐഐടികൾ ഉൾപ്പെടെ ഇന്ത്യയിലെ 15 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും സോളിഡ് സ്‌റ്റേറ്റ് ഗവേഷണത്തിൽ ഇവിടെ പങ്കാളികളാകും. മേയിൽ ഗവേഷണങ്ങൾക്കു തുടക്കമിടും. രാജ്യാന്തര ശുദ്ധോർജ നവീകരണ ഫോറത്തിന്റെ  മെറ്റീരിയൽ ആക്‌സിലറേഷൻ പ്ലാറ്റ്‌ഫോമുകളുടെ കീഴിലാണു പദ്ധതിയെന്ന് ഡിഎസ്ടി ടെക്‌നോളജി മിഷൻ ഡിവിഷൻ ഡയറക്ടർ ഡോ. രഞ്ജിത് കൃഷ്ണ പൈ പറഞ്ഞു. ലിഥിയം അയോൺ ബാറ്ററികളാണ് വാഹനങ്ങളിൽ ഇന്ന് സാധാരണയായി ഉപയോഗിക്കുന്നത്. 

ദ്രവ രൂപത്തിലുള്ള ഇലക്ട്രോലൈറ്റുകൾ ഉപയോഗിക്കുന്ന ഈ ബാറ്ററികൾ ഭാരം കൂടിയവയാണ്. ഉയർന്ന താപനിലയിൽ ഇവയ്ക്ക് തകരാർ സംഭവിക്കാനും ചിലപ്പോൾ ഷോർട് സർക്യൂട്ട് , തീപിടിത്തം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. സോളിഡ് സ്റ്റേറ്റ് ബാറ്ററികൾക്ക് കൂടുതൽ ഊർജ സാന്ദ്രതയുണ്ട്. ദ്രാവക ഇലക്ട്രോലൈറ്റ്  ഇല്ലാത്തതിനാൽ കൂടുതൽ സുരക്ഷിതവുമാണ്.  നിലവിൽ സോളിഡ് സ്‌റ്റേറ്റ് ബാറ്ററികൾക്ക് ലിഥിയം ബാറ്ററികളേക്കാൾ 10 മടങ്ങ് വിലയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com