തമിഴ്നാട്ടിലേക്ക് 1.25 ലക്ഷം കോടിയുടെ നിക്ഷേപം കൂടി
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ 75000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് 1,25,244 കോടിയുടെ നിക്ഷേപവുമായി 60 കമ്പനികൾ കൂടിയെത്തുന്നു. നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 22,252 കോടി രൂപയുടെ 21 പദ്ധതികളുടെ തറക്കല്ലിട്ടു. ലൈഫ് സയൻസ് മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാനം ലൈഫ് സയൻസസ് പ്രമോഷൻ നയരേഖയും ഗവേഷണ വികസന രംഗം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് റിസർച് ആൻഡ് ഡവലപ്മെന്റ് നയരേഖയും പുറത്തിറക്കി.
ഒരു വർഷത്തിനിടെ 94,975 കോടിയുടെ നിക്ഷേപമാണു തമിഴ്നാട്ടിലത്തിയത്. 2.26 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. ടാറ്റ പവർ, ലൂക്കാസ് ടിവിഎസ്, അരവിന്ദ് സെറാമിക്‌സ്, എസിഎംഇ ഗ്രീൻ ഹൈഡ്രജൻ ആൻഡ് കെമിക്കൽ പ്രൈവറ്റ് ലിമിറ്റഡ്, ഐഎഎംപിഎൽ, ആംപ്ലസ് (പെട്രോനാസ്), ഇക്യുനിക്സ്, ഗരുഡ എയ്‌റോസ്‌പേസ് തുടങ്ങിയവയാണ് പുതുതായി നിക്ഷേപത്തിനു തയാറായ പ്രമുഖ കമ്പനികൾ.