ADVERTISEMENT

വാരാന്ത്യത്തിൽ റിസോർട്ടിൽ നിറയെ ആളും ആരവവും. വെയ്റ്റർമാരും ഹൗസ് കീപ്പിങ് സ്റ്റാഫും ഉടുത്തൊരുങ്ങിയ (ഡെക്ക് അപ് എന്നേ പറയൂ) ആതിഥേയകളും ഓടി നടക്കുന്നു. ശനി അതിന്റെ പാരമ്യം. ‍ഞായർ വൈകുന്നേരം മുതൽ അവിടെങ്ങും ഒരു പൂച്ച പോലുമില്ല. തിങ്കളാഴ്ചയും അവിടെ താമസിക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വിളമ്പിത്തരാൻ വെയ്റ്റർ പോലും കാണില്ല. ഇവിടാരുമില്ലേ എന്നു വിളിച്ചു ചോദിക്കേണ്ടി വരും.

കേരളത്തിലും ഗോവയിലും മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതാണു സ്ഥിതി. വാരാന്ത്യത്തിലെ ആൾത്തിരക്കിനു വേണ്ടി മാത്രം കൂടുതൽ സ്റ്റാഫിനെ നിരത്തുന്നു. തിങ്കൾ മുതൽ വ്യാഴം വരെ വളരെ പേരിനു കുറച്ചു പേർ മാത്രം. ഉള്ളവർ എല്ലാ പണികളും ചെയ്യണം. മൾട്ടി സ്കിൽ സെറ്റ് എന്നൊക്കെ പല വാക്കുകളും എംബിഎക്കാർ ഉപയോഗിച്ചേക്കും. സംഗതി എന്താണെന്നു ചോദിച്ചാൽ– 8 മണിക്കൂർ ഹൗസ് കീപ്പിങ് പണി കഴിഞ്ഞയാളോട്  ‘പോയി കുളിച്ച് കുറച്ച് റെസ്റ്റ് എടുത്ത് ഡ്രസ് മാറി വാ’ എന്നു പറയുമെന്നേ അർഥമുള്ളു. അടുത്ത ഡ്യൂട്ടി ബാറിലോ റസ്റ്ററന്റിലോ ഫ്രന്റ് ഓഫിസിലോ ആവാം. 

അങ്ങനെ പണി മാറിച്ചെയ്യുന്നതിന് കുറച്ചു പരിശീലനവും കൊടുക്കും. പിന്നെല്ലാം മിടുക്കു പോലെ. ഒന്നു മിന്നിച്ചേക്കണേ...എന്ന് ആകാശത്തോട്ടു നോക്കി പറഞ്ഞിട്ടു വെയ്റ്ററായി കേറിയാൽ കാര്യമായ ടിപ്പും കരഗതമായേക്കും. 

ഹോസ്പിറ്റാലിറ്റി രംഗത്ത് (എന്നു വച്ചാൽ ഹോട്ടലുകളിൽ) ആളെ കിട്ടാനില്ല. കോവിഡ് കാലത്ത് 2 കൊല്ലം ഹോട്ടലും റിസോർട്ടുമെല്ലാം പൂട്ടിക്കിടന്നപ്പോൾ കൂടുതൽ പേരും ഫീൽഡ് വിട്ട് വേറേ പണി നോക്കി പോയത്രെ. മീൻ കച്ചോടം, ബിരിയാണി കച്ചോടം, സൂപ്പർമാർക്കറ്റ്, കറി വിൽപ്പന...മിക്കവരും ചിന്ന സംരംഭകരായത്രെ. വേറെ ജോലികളുമുണ്ട്. വലിയ മാളിലോ സ്റ്റാർ ആശുപത്രിയിലോ ജോലിക്കു കയറും. 

മൾട്ടി സ്കിൽ എന്നുവച്ചാൽ ആഴ്ച ദിനങ്ങളിൽ വേറേ സ്ഥാപനങ്ങളിൽ ജോലി, വാരാന്ത്യത്തിൽ റിസോർട്ടിൽ ജോലി എന്നും ആയിട്ടുണ്ട്. വെള്ളി വെയ്റ്ററായിട്ടോ മറ്റോ കേറും. ലഞ്ചിനും ഡിന്നറിനും മതി. 600 രൂപ മുതൽ 800 രൂപ വരെ കിട്ടാം. 

പണ്ടൊക്കെ ചാടി ഗൾഫിൽ പോകാമായിരുന്നു. ഇപ്പൊ അവിടെയും എച്ച്ആർ ചെലവു ചുരുക്കലാണ്. 

 

ഒടുവിലാൻ∙ സ്റ്റാഫ് ‌മാനേജരോട്– സാറേ എനിക്ക് മുടിവെട്ടിക്കാൻ പോണം....ശരി, അര ദിവസം ഓഫെടുത്ത് പോയി മുടി വെട്ടിയിട്ടു വാടേയ്. എന്നിട്ടു മുടിവെട്ടിനുള്ള കാശും കൊടുക്കും. പിള്ളേരെ അങ്ങനെയൊക്കെ താലോലിച്ചേ ജോലിക്കു നിർത്താൻ പറ്റൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com