ഉണക്കിയ പഴം: രാജ്യാന്തര വിപണിയിലും സാധ്യത
Mail This Article
ഉണക്കിയ പഴങ്ങൾക്കു മികച്ച വിപണി എക്കാലത്തും ഉണ്ട്. കുട്ടികൾക്കു പാലിൽ ചേർത്തു നൽകാവുന്ന ഭക്ഷണം (പഴം മിക്സിയിൽ അടിച്ച ശേഷം പാലിൽ ചേർക്കണം) ചായക്കു സ്നാക്സ് എന്ന നിലയിൽ ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണം എന്നീ നിലകളിൽ ഇതിനു പ്രാധാന്യമുണ്ട്. സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ബേക്കറി ഷോപ്പുകൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കു കടകൾ, ചെറിയ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് ഓർഡർ പിടിച്ച് നേരിട്ടു വിൽക്കാം. ഇത്തരം ഉൽപന്നങ്ങൾക്ക് വിതരണക്കാരെ ലഭിക്കാനുള്ള സാധ്യതകളും ഏറെയാണ്. നാച്വറൽ ആയ ഉണക്കിയ പഴങ്ങൾക്കു ദേശീയ–രാജ്യാന്തര വിപണികളിൽ സാധ്യതകൾ ഉണ്ട്. ഉണക്കിയ ഏത്തപ്പഴത്തിന് കിലോഗ്രാമിന് 600 രൂപ വിലയുണ്ട്. എക്സിബിഷനുകൾ വഴിയും ഇത്തരം ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും.
അടിസ്ഥാന സൗകര്യങ്ങൾ
ഉണക്കിയ പഴങ്ങൾ നിർമിക്കുന്നതിനു വേണ്ട പ്രധാന സൗകര്യം ഡ്രയർ ആണ്. ഇലക്ട്രിക് ഡ്രയർ ആണ് നല്ലത്. 60,000 മുതൽ ഒന്നര ലക്ഷം രൂപ വരെ ചെലവു വരുന്നതും ശരാശരി 5 എച്ച്പി യിൽ താഴെ പവർ ഉപയോഗിക്കുന്നതുമായ ഡ്രയറുകൾ ലഭ്യമാണ്. ഇതു സ്ഥാപിക്കുന്നതിനു 100 ചതുരശ്രഅടി കെട്ടിടം മതി. വീട്ടിലെ തന്നെ ഒരു മുറി ഇതിനായി സൗകര്യപ്പെടുത്താവുന്നതാണ്.
പഴം തൊണ്ടു കളയുന്നതും അരിയുന്നതും കൈകൊണ്ടു തന്നെ ചെയ്യാം. സാധാരണ രീതിയിൽ ഏത്തക്കായ പഴുപ്പിക്കുന്നതാണു നല്ലത് (പുക കയറ്റി പഴുപ്പിക്കാതിരുന്നാൽ നന്നായി ). അൽപ ദിവസം കൂടുതൽ ഇതിനു വേണ്ടി വന്നേക്കാം. മികച്ച ഗുണനിലവാരത്തിന് അതാണ് ഉത്തമം.കണ്ടെയ്നറുകളിൽ ലേബൽ ചെയ്യുകയും സീൽ ചെയ്യുകയും വേണം. ഇതു കൈകൊണ്ടു തന്നെ ചെയ്യാവുന്നതേയുള്ളൂ. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതാണ് തുടക്കത്തിൽ നല്ലത്. 30% അറ്റാദായം മൊത്ത വിതരണത്തിൽ ലഭിക്കുന്ന ബിസിനസാണ് ഇത്.
മറ്റൊരു സംരംഭത്തെപ്പറ്റി നാളെ വായിക്കുക
ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)