ADVERTISEMENT

കൊച്ചി ∙ മാസങ്ങളോളം ഇന്ത്യൻ വിപണിയിലെ വിൽപനക്കാരായിരുന്ന വിദേശ ധനസ്‌ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നതു പുനരാരംഭിച്ചപ്പോൾ പ്രിയം ഏറെയും ബാങ്ക് ഓഹരികൾക്ക്. ധന സേവനരംഗത്തു പ്രവർത്തിക്കുന്ന ബാങ്ക് ഇതര കമ്പനികളുടെ ഓഹരികളിലും വിദേശ ധനസ്‌ഥാപനങ്ങൾ കൂടുതൽ താൽപര്യം കാട്ടുന്നുണ്ട്.

ഒരു മാസത്തിനിടയിൽ  ബാങ്കുകളുടെയും ബാങ്ക് ഇതര ധനസ്‌ഥാപനങ്ങളുടെയും ഓഹരികളിലേക്ക് ഒഴുകിയെത്തിയ നിക്ഷേപം 8000 കോടിയോളം  രൂപയുടേതാണ്. ഈ കാലയളവിൽ ഓഹരി വിപണിയിലേക്ക് എത്തിയ മൊത്തം വിദേശ നിക്ഷേപത്തിന്റെ 25 ശതമാനത്തോളമാണിത്. 34,500 കോടിയോളം രൂപയുടേതായിരുന്നു മൊത്തം വിദേശ നിക്ഷേപം.

വിവിധ ഇനം വായ്‌പകൾക്കുള്ള വർധിത ഡിമാൻഡ്, കിട്ടാക്കടത്തിന്റെ ഗണ്യമായ തോതിലുള്ള ഇടിവ് തുടങ്ങിയ കാരണങ്ങളാൽ ബാങ്കുകളുടെയും മറ്റും  പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന അനുമാനമാണ് അവയുടെ ഓഹരികളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനു പ്രേരണയാകുന്നത്.

ബാങ്കിങ് വ്യവസായം കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച ആകെ വായ്‌പ വളർച്ച 10 ശതമാനത്തിൽ താഴെയായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം തന്നെ 14.19% വളർച്ച  നേടുകയുണ്ടായി. കഴിഞ്ഞ വർഷം ഇതേ സമയത്തു നേടിയ വളർച്ച 5–6% മാത്രമായിരുന്നു. ഈ വർഷത്തെ വളർച്ച 14– 15 ശതമാനത്തോളമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ബാങ്കിങ് വ്യവസായം പ്രതീക്ഷിക്കുന്ന വളർച്ചയുടെ ശരാശരിയാണിത്. ചില ബാങ്കുകൾ വ്യവസായ ശരാശരിയെക്കാൾ വളരെ ഉയർന്ന അളവു പ്രതീക്ഷിക്കുന്നുണ്ട്. കേരളം ആസ്‌ഥാനമായുള്ള ഫെഡറൽ ബാങ്ക് 18 ശതമാനമാണു വായ്‌പ വളർച്ച പ്രതീക്ഷിക്കുന്നതെന്നു മാനേജിങ് ഡയറക്‌ടർ ശ്യാം ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. പൊതു മേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര 2021 – 22ൽ 25 ശതമാനത്തിലേറെയാണു വായ്‌പ വളർച്ച നേടിയത്. ബാങ്കിന്റെ  ഈ വർഷത്തെ ലക്ഷ്യവും 20 ശതമാനത്തിനു മുകളിലാണ്. 

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണു ധനസ്‌ഥാപനങ്ങൾ പൊതുവേ മെച്ചപ്പെട്ട പ്രവർത്തന ഫലം നേടുന്നത്. ഇക്കാരണത്താൽ  അവയുടെ ഓഹരികളിലേക്കു കൂടിയ തോതിൽ വിദേശ നിക്ഷേപം എത്താനുള്ള സാധ്യത നിലനിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com