കയർ മേഖലയിൽ 32.5 കോടി വിതരണം ചെയ്തു: മന്ത്രി പി.രാജീവ്
Mail This Article
തിരുവനന്തപുരം∙ ഓണക്കാലത്ത് കയർത്തൊഴിലാളികൾക്കും സംഘങ്ങൾക്കുമുള്ള സഹായങ്ങൾ ഉൾപ്പെടെ 32.5 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി പി.രാജീവ്. കയർ മേഖലയിൽ സർക്കാരിന്റെ ഇൻകം സപ്പോർട്ട് സ്കീം പ്രകാരം 12.5 കോടി രൂപയുടെ ധനസഹായം നൽകി. 25,676 ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിച്ചത്. 321 കയർ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ 3 കോടി രൂപ വിതരണം ചെയ്തു. കയർഫെഡ് വഴി കയർ സംഭരിച്ച വകയിൽ സംഘങ്ങൾക്ക് നൽകാനുണ്ടായിരുന്ന 17.36 കോടി രൂപയിൽ 11 കോടിയും വിതരണം ചെയ്തു.
കയർ വിലയായി കയർ കോർപറേഷൻ നൽകാനുണ്ടായിരുന്ന 18 കോടിയിൽ 7 കോടിയും നൽകി. വിപണി വികസിപ്പിക്കുന്നതിനുള്ള സഹായമായി 2 കോടി രൂപ ചെലവഴിച്ചു. കയർ ഉൽപന്നങ്ങളുടെ സംഭരണവും വിൽപനയും 200 കോടി കവിഞ്ഞു. 2016 - 17 വർഷത്തിൽ 7800 ടൺ ആയിരുന്ന കയർ ഉൽപാദനം 2021-22 വർഷത്തിൽ 29,000 ടൺ ആയി. തൊഴിലാളികളുടെ വാർഷിക വരുമാനം 13,500 രൂപയായിരുന്നത് 49,000 രൂപയായി. ലാഭമുളള സംഘങ്ങളുടെ എണ്ണം നൂറിൽ താഴെയായിരുന്നത് 325 എണ്ണമായി.
English Summary: 32 crore distributed in coir sector says minister P. Rajeev