സിയാൽ വാർഷിക പൊതുയോഗം 26ന്
Mail This Article
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വാർഷിക പൊതുയോഗം 26ന് രാവിലെ 11ന് വിഡിയോ കോൺഫറൻസ് വഴി നടക്കും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും.
2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പാസാക്കുകയാണ് പ്രധാന അജൻഡ. കാലാവധി പൂർത്തിയാക്കുന്ന ഡയറക്ടർമാരായ ഇ.എം.ബാബു, എൻ.വി.ജോർജ് എന്നിവരുടെ തുടർ നിയമനവും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഓഡിറ്റർമാരുടെ നിയമനവും പൂർത്തിയാക്കേണ്ടതുണ്ട്.
സ്വതന്ത്ര ഡയറക്ടർമാരായ ഇ.കെ.ഭരത് ഭൂഷൺ, അരുണ സുന്ദര രാജൻ എന്നിവരുടെ 2025ലെ വാർഷിക പൊതുയോഗം വരെയുളള തുടർ നിയമനവും പൊതുയോഗത്തിൽ അവതരിപ്പിക്കും. സിയാലിന്റെ പുതിയ മാനേജിങ് ഡയറക്ടർ ആയി നിയമിച്ച എസ്.സുഹാസിന്റെ നിയമനവും പൊതുയോഗത്തിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കുന്നുണ്ട്.
വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ കമ്പനിയുടെ നിലവിലുള്ള മൂലധന നിക്ഷേപം 500 കോടി രൂപയാക്കി വർധിപ്പിക്കുന്നതിനുള്ള നിർദേശം ബോർഡ് അംഗീകരിച്ച് പൊതുയോഗത്തിൽ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ 482 കോടി രൂപയാണ് കമ്പനിയുടെ അടച്ചു തീർത്ത മൂലധനം.
ഇത് 500 കോടിയാക്കി വർധിപ്പിക്കുമ്പോൾ 18 കോടി രൂപയുടെ പുതിയ ഓഹരികൾ കൂടി ലഭ്യമാകും. ഇത് അവകാശ ഓഹരിയായി നിലവിലുള്ള ഓഹരിയുടമകൾക്കോ സർക്കാരിനോ ആണ് ലഭിക്കുക. എന്നാൽ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നും വികസന പ്രവർത്തനങ്ങൾക്ക് പണം ആവശ്യം വരികയാണെങ്കിൽ മാത്രമേ ഇത് പ്രയോജനപ്പെടുത്തുകയുള്ളൂ എന്നും ഇപ്പോൾ അവകാശ ഓഹരികൾ ആർക്കും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സിയാൽ വക്താവ് അറിയിച്ചു.