വ്യവസായ ഭൂമി പാട്ടനയത്തിന്റെ കരട്: വ്യവസായം നിർത്തിയാൽ പാട്ടഭൂമി കൈമാറാം
Mail This Article
കൊച്ചി∙ വ്യവസായത്തിനായി നിക്ഷേപകനു നൽകുന്ന ഭൂമിയിൽ ഇനി പട്ടയമില്ല പകരം പാട്ടം മാത്രമെങ്കിൽ പാട്ടക്കാലാവധി കഴിഞ്ഞ് അതു പുതുക്കാനോ അതിനു മുൻപേ കൈമാറാനോ കഴിയുമോ? കൈമാറാമെങ്കിൽ ഭൂമിയുടെ വിലയ്ക്ക് നിയന്ത്രണമുണ്ടോ? വ്യവസായ വകുപ്പ് രൂപം കൊടുത്ത കരട് പാട്ട നയത്തെക്കുറിച്ചുള്ള സംശയങ്ങളാണിത്. 30 വർഷത്തേക്കു നൽകുന്ന പാട്ടത്തിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കാവുന്നതാണെന്ന് അധികൃതർ വിശദീകരിച്ചു. പാട്ടനിരക്ക് അന്നു വ്യത്യസ്തമായിരിക്കും എന്നുമാത്രം.
നിക്ഷേപകൻ അഞ്ചോ പത്തോ വർഷം വ്യവസായം നടത്തിയ ശേഷം കൈമാറുകയാണെങ്കിലോ? മറ്റൊരു നിക്ഷേപകന് ഇതേ വ്യവസായം തുടരാനോ പുതിയതു തുടങ്ങാനോ മാത്രമേ കൈമാറാൻ കഴിയൂ. പുതിയ നിക്ഷേപകന് പാട്ടഭൂമി കൈമാറുന്നതിന് തുക സ്വീകരിക്കാവുന്നതാണ്. കിട്ടുന്ന തുകയുടെ 25% തുക ഭൂമി അലോട്ട് ചെയ്ത ഏജൻസിക്കു നൽകണമെന്നു മാത്രം. മാത്രമല്ല വില തീരെ കുറയാതിരിക്കാൻ മിനിമം തുകയും ഏജൻസി നിശ്ചയിക്കും. അതിനു മുകളിലുള്ള തുകയ്ക്കു മാത്രമേ കൊടുക്കാൻ കഴിയൂ.
നിക്ഷേപകന് വ്യവസായം നിർത്തി പോകണമെങ്കിലോ? പാട്ടത്തുക പൂർണമായി അടച്ചെങ്കിൽ കൈമാറ്റം അനുവദിക്കും. പക്ഷേ കൈവശം വച്ച കാലത്തേക്കുള്ള പാട്ടത്തുക മാത്രമേ അടച്ചിട്ടുള്ളു എങ്കിൽ അലോട്ട് ചെയ്ത ഏജൻസിക്ക് ഭൂമി കൈമാറണം. ഉദാഹരണത്തിന് 5 വർഷത്തെ പാട്ടം നൽകി 5 വർഷം കൈവശം വച്ചിട്ടുണ്ടെങ്കിൽ ഭൂമി തിരികെ ഏജൻസിയെ ഏൽപിക്കണം. മറ്റൊരു നിക്ഷേപകനു കൊടുത്തു തുക വാങ്ങാൻ കഴിയില്ല.
വ്യവസായ എസ്റ്റേറ്റിൽ പട്ടയം കിട്ടിയ ഭൂമി മറ്റൊരു നിക്ഷേപകനു വിൽക്കാമെന്ന വ്യവസ്ഥയെ എല്ലാവരും സ്വാഗതം ചെയ്യുന്നു. എന്നാൽ ഇനി മുതൽ അലോട്ട് ചെയ്യുന്ന ഭൂമിക്കു വില വാങ്ങി പട്ടയം നൽകുന്നതിനു പകരം പാട്ടത്തിനു മാത്രം നൽകുന്ന വ്യവസ്ഥ നിരുൽസാഹപ്പെടുത്തുന്നതാണ് എന്ന് നിക്ഷേപകർക്ക് അഭിപ്രായമുണ്ട്. പതിറ്റാണ്ടുകളോളം വ്യവസായം നടത്തിയാലും ഭൂമി സ്വന്തമാകുന്നില്ല. ഇതുൾപ്പടെ വിവിധ മേഖലകളിലെ അഭിപ്രായ സ്വീകരണത്തിനു ശേഷമേ വ്യവസായ പാട്ടനയം ഉത്തരവായി ഇറങ്ങൂ. ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ കൈവശമുള്ള വ്യവസായ എസ്റ്റേറ്റുകളിലെയും കിൻഫ്ര, കെഎസ്ഐഡിസി പാർക്കുകളിലേയും ഭൂമിക്കാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്.