ADVERTISEMENT

തൃശൂർ ∙ വാഹന നിർമാണ ഫാക്ടറികളിൽ നിർമിക്കുന്നതല്ലാത്ത പ്രത്യേക തരം വാഹനങ്ങൾ കേരളത്തിൽ റജിസ്റ്റർ ചെയ്യുന്നതിന് ഉണ്ടായിരുന്ന അപ്രഖ്യാപിത വിലക്ക് കോടതി ഉത്തരവ് വന്ന് 3 വർഷത്തിനു ശേഷം നീക്കി; ഇതിനകം സംസ്ഥാനത്തിനു നഷ്ടം റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ കിട്ടേണ്ടിയിരുന്ന 200 കോടിയോളം രൂപ. 

എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിനുള്ള കാഷ് വാൻ, ജനറേറ്റർ വാൻ, റിക്കവറി വാൻ, മൊബൈൽ ഹോട്ടൽ തുടങ്ങി 18 തരം വാഹനങ്ങൾ കേരളത്തി‍ൽ റജിസ്റ്റർ ചെയ്യാനായിരുന്നു വിലക്ക്. എന്നാൽ, തമിഴ്നാട്ടിലും കർണാടകയിലും റജിസ്റ്റർ ചെയ്ത ഇത്തരം ധാരാളം വാഹനങ്ങൾ കേരളത്തിൽ ഓടുന്നുമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ ഓടുന്നതിനായി നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) ലഭിക്കുന്നതിനു തടസമുണ്ടായിരുന്നില്ല എന്നത് നേരത്തെതന്നെ സംശയത്തിനിടയാക്കിയിരുന്നു. 

കേരളത്തിൽ റജിസ്റ്റർ ചെയ്ത പ്രത്യേക വാഹനങ്ങൾ 265 എണ്ണമേ ഉള്ളൂ എന്നാണ് വിവരാവകാശ രേഖ പറയുന്നത്. എന്നാൽ, നാലായിരത്തോളം വാഹനങ്ങൾ രൂപമാറ്റം വരുത്തി ഓടുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. അതായത്, മൂവായിരത്തി അഞ്ഞൂറിൽപരം വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് സംസ്ഥാനത്തിനു നഷ്ടമായി. 

ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി വാഹനങ്ങൾ ക്യാംപർ വാനുകളായി രൂപമാറ്റം വരുത്തുന്നതിന് അനുമതിക്കായി 2022 ജനുവരിയിൽ ടൂറിസം വകുപ്പ് നിർദേശിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോ‍ൾ 18 തരം വാഹനങ്ങളുടെയും രൂപമാറ്റം അംഗീകരിച്ച് റജിസ്റ്റർ ചെയ്യാമെന്ന തീരുമാനം വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com