എൻഎച്ച്: കടപ്പത്ര വിൽപന 17 മുതൽ
Mail This Article
കൊച്ചി ∙ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനൽ ഹൈവേയ്സ് ഇൻഫ്രാ ട്രസ്റ്റ് കടപ്പത്ര വിതരണം 17 മുതൽ. നവംബർ 7 വരെയാണു വിൽപന.1000 രൂപ മുഖവിലയുള്ള, ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രം (എൻസിഡി) മുഖേന 1500 കോടി രൂപ വരെ സമാഹരിക്കുകയാണു ലക്ഷ്യം. നിക്ഷേപകർക്ക് 8.05% വരെ വാർഷിക വരുമാനം നൽകുന്നതാണ് ഈ കടപ്പത്രങ്ങൾ. 7.90% അർധ വാർഷിക വരുമാനവും വാഗ്ദാനം ചെയ്യുന്നു.
ചുരുങ്ങിയ നിക്ഷേപത്തുക 10000 രൂപ. 13,18,25 വർഷ കാലാവധികളിൽ നിക്ഷേപിക്കാമെന്നു നാഷനൽ ഹൈവേയ്സ് ഇൻഫ്രാ ട്രസ്റ്റ് എംഡിയും സിഇഒയുമായ സുരേഷ് ഗോയൽ പറഞ്ഞു. സമാഹരിക്കുന്ന തുക വിവിധ ദേശീയപാത പദ്ധതികളുടെ ആവശ്യങ്ങൾക്കും കോർപറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, നാഷനൽ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.