ഭരിക്കുന്നോരേ, സംഭരിക്കണം നെല്ല്
Mail This Article
കൊച്ചി ∙ കാലം തെറ്റിയ മഴ നെല്ലറകളായ പാലക്കാടും കുട്ടനാട്ടിലും തീമഴയായി പെയ്യുമ്പോഴും ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ നെല്ല് സംഭരിക്കാനാകാതെ പാടത്തും പറമ്പിലുമായി കിടക്കുന്നു. മില്ലുകൾ വഴി സപ്ലൈകോ നെല്ലു സംഭരിച്ച് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതാണു സംസ്ഥാനത്തെ രീതി.
1.75 ലക്ഷം മെട്രിക് ടൺ ഉൽപാദനം ഒന്നാം വിളയിൽ ഉണ്ടാകുമെന്നാണു സപ്ലൈകോയുടെ കണക്ക്. കഴിഞ്ഞവർഷം ഒന്നാം വിളയിൽ ഇത്രയും നെല്ലു സംഭരിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ ഒന്നിനു തുടങ്ങുന്ന സംഭരണ സീസണിൽ ഒക്ടോബർ പകുതി കഴിഞ്ഞിട്ടും സംഭരിക്കാനായത് 5000 ടൺ മാത്രം. കുട്ടനാട്ടിലും പാലക്കാടും കൊയ്ത്തു കഴിയാറായി. കുട്ടനാട്ടിൽ കൊയ്ത്തു കഴിഞ്ഞ പല പാടശേഖരങ്ങളിലും നെല്ല് പാടത്തുതന്നെ കൂട്ടിയിട്ടിരിക്കുന്നു. പാലക്കാട് വീടുകളിലും മുറ്റത്തുമായാണു നെല്ലു സംഭരിച്ചിരിക്കുന്നത്. കൊയ്തെടുത്ത നെല്ല് മഴയിൽ എങ്ങനെ സൂക്ഷിക്കുമെന്ന ആശങ്കയിലാണു കർഷകർ.
നെല്ലുസംഭരണം വൈകുന്നതിനെതിരെ കർഷകർ പല സ്ഥലത്തും സമരം ആരംഭിച്ചു കഴിഞ്ഞു. സംഭരണത്തിനു മിൽ ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. 54 മില്ലുകളാണ് എല്ലാവർഷവും നെല്ലുസംഭരണത്തിനിറങ്ങുന്നത്. ഇക്കുറി മൂന്നോ നാലോ മില്ലുകൾ മാത്രമേ സംഭരണത്തിനുള്ളൂ. പാലക്കാട് ജില്ലയിൽ 1.25 ലക്ഷം മെട്രിക് ടൺ ഉൽപാദനമാണു പ്രതീക്ഷിക്കുന്നത്. ജില്ലയിൽ 35000 ഹെക്ടർ സ്ഥലത്ത് കൃഷി നടത്തുന്നു. കുട്ടനാട്ടിൽ 9700 ഹെക്ടറിൽ ഒന്നാം കൃഷിയുണ്ട്.
13000 ഹെക്ടർവരെ കൃഷി ചെയ്തിരുന്നതാണ്. കൊയ്ത്തു കഴിഞ്ഞാൽ പ്രതിദിനം 750 ടൺവരെ സംഭരണമുണ്ടായിരുന്ന ഇവിടെ 125 ടണ്ണിൽ താഴെയാണു ഇപ്പോൾ സംഭരണം. കൊയ്ത്തു കഴിഞ്ഞ് 20 ദിവസം വരെയായ നെല്ല് പാടത്തു കൂട്ടിയിട്ടിരിക്കുകയാണ്. സംഭരണം പുനരാരംഭിച്ചാൽത്തന്നെ ഇൗർപ്പം കൂടുന്നതു മൂലം കർഷകർ മില്ലുകാർക്കു കൂടുതൽ െനല്ല് നൽകേണ്ടിവരും. ഒരു ക്വിന്റൽ നെല്ല് അളക്കുമ്പോൾ ഇൗർപ്പത്തിന്റെ പേരിൽ മില്ലുകാർ 12 കിലോയോളം നെല്ല് അധികം വാങ്ങുന്നു.
രണ്ടാം വിള വൈകും
ഒന്നാം വിള നെല്ലു സംഭരിച്ച്, അതിന്റെ വില കിട്ടിയാൽ മാത്രമേ കർഷകർക്കു രണ്ടാം വിള കൃഷി ആരംഭിക്കാനാവൂ. പാലക്കാടും കുട്ടനാട്ടിലും നവംബർ രണ്ടാം വാരം അടുത്ത കൃഷി തുടങ്ങണം. അതിന് ഇപ്പോഴേ നിലം ഒരുക്കണം. എന്നാൽ ഒന്നാം വിളയുടെ നെല്ലു കൃഷിയിടത്തിൽ തന്നെ കിടക്കുമ്പോൾ കർഷകർ ആശങ്കയിലാണ്. രണ്ടാം വിള വൈകിയാൽ വീണ്ടും പ്രതിസന്ധിയാകും.
മില്ലുകൾക്കു നിസ്സഹകരണം
സംസ്ഥാനത്തെ അൻപതോളം മില്ലുകൾ നെല്ലു സംഭരണത്തിൽനിന്നു വിട്ടുനിൽക്കുകയാണ്. 2018 ൽ പ്രളയത്തിൽ നശിച്ചുപോയ നെല്ലിന്റെ കൈകാര്യച്ചെലവായ 15 കോടി രൂപ മില്ലുകൾക്കു നൽകുക, പ്രോസസിങ് ചാർജ് 2.75 രൂപ എന്നു സർക്കാർ തന്നെ സമ്മതിച്ചത് അനുവദിച്ചുതരിക തുടങ്ങിയവയാണു മില്ലുകളുടെ ആവശ്യം. പ്രോസസിങ് ചാർജിനു ജിഎസ്ടി വേണ്ട എന്നു വാക്കാൽ പറഞ്ഞിട്ടുണ്ടെങ്കിലും അതു രേഖാമൂലം വേണമെന്ന് മറ്റൊരാവശ്യം. പല മില്ലുകൾക്കും ഇത്തരത്തിൽ രണ്ടും മൂന്നും കോടി രൂപയ്ക്കുള്ള നോട്ടിസ് ലഭിച്ചിരിക്കുന്നു.
സംഭരിച്ച കുത്തുമ്പോൾ 64.5% അരിയാണു ലഭിക്കുന്നത് എന്നു സർക്കാരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ ഉത്തരവിൽ ഇത് 68% എന്നാക്കി. 3.5% അരിയുടെ വില സർക്കാരോ സപ്ലൈകോയോ വഹിക്കാമെന്നായിരുന്നു ധാരണ. അതു നടപ്പാക്കിയിട്ടില്ല. നെല്ലു സംഭരണം ബഹിഷ്കരിക്കാൻ മിൽ ഉടമകൾ നിരത്തുന്ന കാരണങ്ങൾ ഇതെല്ലാമാണ്.
പൊതുവിപണിയിൽ സ്ഥിതി വേറെ
കേരളത്തിൽനിന്നു സംഭരിക്കുന്ന നെല്ലു മുഴുവൻ പൊതുവിതരണ സംവിധാനത്തിലേക്കു (റേഷൻ പോലെ) പോകുന്നതിനാൽ പൊതുവിപണിയിലെ അരിവിലയുമായി അതിനു ബന്ധമില്ല. പൊതുവിപണിയിലേക്ക്നെ ല്ലും അരിയുമായി പ്രതിവർഷം 150 ലക്ഷം മെട്രിക് ടൺ ആണു മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത്. നെല്ലുൽപാദക സംസ്ഥാനങ്ങളായ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഉൽപാദനക്കുറവാണ് ഇവിടെ അരിവില കൂടാൻ കാരണമെന്നു മിൽ ഉടമകൾ പറയുന്നു. ഡിസംബർ ആകുമ്പോഴേക്കും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നു നെല്ല് വിപണിയിലെത്തും. ജനുവരിയിൽ ആന്ധ്രാ അരിയും വരും. ഡിസംബറോടെ അരി വില കുറയാൻ സാധ്യതയുണ്ടെന്നാണു മില്ലുടമകൾ നൽകുന്ന സൂചന.