ബാണാസുര സാഗറിലേക്കു വാതിൽ തുറന്ന് താജ് വയനാട് നാളെ മുതൽ
Mail This Article
കല്‍പറ്റ ∙ 120 കോടി രൂപ മുതൽമുടക്കിൽ വയനാട്ടിൽ ആരംഭിക്കുന്ന പഞ്ചനക്ഷത്ര താജ് വയനാട് റിസോര്‍ട് ആന്‍ഡ് സ്പായ്ക്ക് നാളെ തുടക്കം. പടിഞ്ഞാറത്തറ തരിയോട് മഞ്ഞൂറയില്‍ ബാണാസുര സാഗർ ജലാശയത്തിലേക്കു കടന്നു നിൽക്കുന്ന ഉപദ്വീപിലാണ് റിസോർട്ട്. പ്രവാസി മലയാളി എന്‍. മോഹന്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ 10 ഏക്കറിലാണ് ഹോട്ടല്‍ സമുച്ചയം പടുത്തുയര്‍ത്തിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പഞ്ചനക്ഷത്ര ക്ലാസിഫിക്കേഷനുമായാണ് താജ് വയനാട് ആരംഭിക്കുന്നത്.
ബാണാസുര ജലാശയത്തിന് അഭിമുഖമായി പരിസ്ഥിതി സൗഹൃദ രീതിയിലാണു നിര്‍മാണം. രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ. 270 ഡിഗ്രി പനോരമിക് കാഴ്ച നല്‍കുന്ന മുറികളും കോട്ടേജുകളും വില്ലകളും ലോകത്തെല്ലായിടത്തുമുള്ള തനതുരുചികള്‍ ലഭിക്കുന്ന 3 റസ്റ്ററന്റുകളുമാണ് പ്രധാന പ്രത്യേകത.
ബാണാസുര തടാകത്തിന്റെയും കുന്നുകളുടെയും മനോഹരമായ കാഴ്ചയാകും പ്രധാന ആകര്‍ഷണം. 61 മുറികള്‍ക്കു പുറമെ 4 പൂള്‍ വില്ലകളും 42 വാട്ടര്‍ ഫ്രണ്ടേജ് കോട്ടേജുകളും റൂഫ് ടോപ് ബാറും ഗാര്‍ഡന്‍ ഏരിയയുമെല്ലാം താജ് വയനാടിന്റെ സൗകര്യങ്ങളാണ്. 864 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രസിഡന്‍ഷ്യല്‍ വില്ലയും ഉണ്ട്. യോഗ പവലിയന്‍, ആംഫി തിയറ്റര്‍, ജീവ സ്പാ തുടങ്ങിയവ വേറെ.
ലോക ടൂറിസം ഭൂപടത്തില്‍ വയനാടിന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് താജിന്റെ വയനാട്ടിലേക്കുള്ള വരവെന്നു ബാണാസുരസാഗര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് സിഎംഡി കൂടിയായ മോഹന്‍ കൃഷ്ണന്‍ പറഞ്ഞു. നാളെ 9.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടൂറിസം മേഖലയില്‍ ഒറ്റയടിക്ക് ഇത്രയും വലിയ നിക്ഷേപ പദ്ധതി വയനാട്ടില്‍ ആദ്യമായാണ്.