1340 കോടി രൂപയുടെ പിഴ: ഗൂഗിൾ അപ്പീൽ നൽകി
Mail This Article
ന്യൂഡൽഹി∙ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ ദേശീയ കമ്പനി നിയമ അപ‍്‍ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിനാണ് ഒക്ടോബറിൽ പിഴയിട്ടത്. ഇന്ത്യയിൽ ഗൂഗിൾ നേരിട്ട ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്.
ആൻഡ്രോയ്ഡിന്റെ സുരക്ഷാ ഫീച്ചറുകളിൽ വിശ്വാസമർപ്പിക്കുന്ന ഇന്ത്യൻ ഉപയോക്താക്കൾക്കും ബിസിനസുകൾക്കും തിരിച്ചടിയാകും എന്നതിനാലാണ് അപ്പീലെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. സിസിഐയുടെ നടപടി മൊബൈൽ ഫോണിന്റെ വിലകൂടാൻ ഇടയാക്കുമെന്ന ആശങ്കയും പങ്കുവച്ചു.ഹാൻഡ് സെറ്റ് നിർമാതാക്കളുമായുള്ള ആൻഡ്രോയിഡ് ലൈസൻസിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നൽകൽ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്.