മലയാള സിനിമ: 90 ശതമാനവും സാമ്പത്തിക പരാജയം
Mail This Article
കൊച്ചി ∙ പോയവർഷം തിയറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ 90 ശതമാനവും സാമ്പത്തിക പരാജയം. 176 മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇതിൽ വിജയ ചിത്രങ്ങൾ 17 എണ്ണം മാത്രം.159 ചിത്രങ്ങൾ പരാജയപ്പെടുന്നതു വഴി ഏകദേശം 325 കോടി രൂപയെങ്കിലും നിർമാതാക്കൾക്ക് നഷ്ടമുണ്ടായിട്ടുണ്ട്. കന്നഡ ചിത്രം കെജിഎഫ് –2 കേരളത്തിലെ തിയറ്ററുകളിൽ നിന്ന് 30 കോടിയോളം രൂപ നേടിയപ്പോഴാണ് മലയാള ചിത്രങ്ങളിൽ ഭൂരിപക്ഷവും തകർന്നടിഞ്ഞത്.
മലയാളത്തിന്റെ ദൃശ്യം –2 ബോളിവുഡിലെത്തിയപ്പോൾ 235 കോടിയിലേറെ കലക്‌ഷൻ വാരിയെന്നത് അഭിമാനമായി .നിർമാതാക്കൾക്ക് 10 കോടിയിലേറെ ഷെയർ നേടിക്കൊടുത്തത് 8 സിനിമകൾ മാത്രം. തിയറ്ററിൽ നിന്നുള്ള ആകെ കലക‌്ഷൻ 30 കോടിയെത്തുമ്പോഴാണ് നിർമാതാക്കൾക്ക് ഏകദേശം 10 കോടി ലഭിക്കുന്നത്. സൂപ്പർ ശരണ്യയാണ് 2022 ലെ ആദ്യ ഹിറ്റ്. ഒടുവിൽ പുറത്തിറങ്ങിയ മാളികപ്പുറം ഉൾപ്പെടെ 17 ചിത്രങ്ങളാണ് നിർമാതാവിന്റെ പോക്കറ്റു നിറച്ചത്.
ഹൃദയം, ഭീഷ്മപർവം, കടുവ, ജനഗണമന, ന്നാ താൻ കേസ് കൊട്, തല്ലുമാല, റോഷാക്ക്, ജയ ജയ ജയ ജയ ഹേ എന്നീ 8 ചിത്രങ്ങൾ നിർമാതാക്കൾക്കും വിതരണക്കാർക്കും 10 കോടിക്ക് മുകളിൽ തിയറ്റർ വിഹിതം നേടിക്കൊടുത്തു.താരപരിവേഷമില്ലാതെ വന്ന ജയജയഹേയാണ് 2022 ലെ ഗോൾഡൻ ഫിലിം. കമൽഹാസന്റെ തമിഴ് ചിത്രം വിക്രം, രാജമൗലിയുടെ ആർആർആർ,ഋഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം കാന്താര അടക്കമുള്ള ഇതരഭാഷ സിനിമകൾ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് പണം വാരി.
ഡിസംബർ ഒടുവിലെത്തിയ ജയിംസ് കാമറൂൺ ചിത്രം അവതാർ–2 വിന്റെ കലക്‌ഷൻ റിപ്പോർട്ടുകൾ അന്തിമമായിട്ടില്ല. ഇന്ത്യയുടെ ഒടിടി ബിസിനസ് 26000 കോടിയായി വളർന്നതിന്റെ മെച്ചം മലയാള സിനിമയ്ക്കുമുണ്ടായി.തിയറ്ററിൽ പരാജയമടഞ്ഞ പല ചിത്രങ്ങളുടെയും നിർമാതാക്കളെ താങ്ങി നിർത്തിയത് ഒടിടി കച്ചവടമായിരുന്നു. ചിത്രം റിലീസ് ചെയ്തശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചാൽ മതി എന്ന നിലപാട് ഒടിടി പ്ലാറ്റ്ഫോമുകൾ സ്വീകരിച്ചതിനാൽ വമ്പൻ ചിത്രങ്ങളുടെ ഡയറക്ട് ഒടിടി റിലീസ് ഈ വർഷം ഉണ്ടായില്ല.