2023ൽ ശ്രദ്ധിക്കാൻ ചില സാമ്പത്തികകാര്യങ്ങൾ
Mail This Article
അവസാനിച്ചിട്ടില്ലാത്ത കോവിഡ് ഭീഷണി ഉൾപ്പെടെ, ആഗോള വിപത്തുകൾ മാത്രമല്ല ദേശീയമായി സാമ്പത്തികരംഗത്ത് പോയ വർഷം നടപ്പായ മാറ്റങ്ങളും കൂടി കണക്കിലെടുത്തു വേണം പുതുവർഷത്തിൽ വ്യക്തികൾ ധനകാര്യ വിഷയങ്ങളിൽ മുൻഗണന നൽകേണ്ടതും മുൻകരുതലുകൾ എടുക്കേണ്ടതും. ഇതിനിടയിലും ഉയർന്നു വരുന്ന സാധ്യതകൾ കാണാതെ പോകരുത്.
മിച്ചം പിടിക്കണം
പലിശനിരക്കുകൾ ഉയരുന്ന സാഹചര്യങ്ങളിൽ വായ്പ എടുത്ത് ഉപഭോഗം വർധിപ്പിക്കുന്നതിനെക്കാൾ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് നിക്ഷേപങ്ങൾ വളർത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. നിലവിലുള്ള വായ്പകളുടെ പോലും തിരിച്ചടവ് ഭാരം വർധിക്കുന്നതിനാൽ കൂടുതൽ വായ്പകളെടുത്ത് ബാധ്യത ഉയർത്തേണ്ട സാഹചര്യമല്ല. സാമ്പത്തികമായി അടിയന്തര സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെങ്കിലും ചെലവുകൾ പരമാവധി ചുരുക്കി വരുമാനത്തിന്റെ പത്തിലൊന്നിൽ കുറയാത്ത തുകയെങ്കിലും മിച്ചം പിടിക്കണം. ആവർത്തന നിക്ഷേപങ്ങളിലോ എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) പോലുള്ള നിക്ഷേപങ്ങളിലോ മിച്ചത്തുക തുടർച്ചയായി നിക്ഷേപിക്കാം. ഒരിക്കലും സാധ്യതയില്ലാത്ത ഉയർന്ന നിക്ഷേപ വാഗ്ദാനങ്ങളിൽ കുടുങ്ങിപ്പോകാതെ ബാങ്കുകൾ ഉൾപ്പെടെ അംഗീകൃത സ്ഥാപനങ്ങളിൽ നിയമനാനുസൃതമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം.
വായ്പകളിൽ ഔചിത്യം
തൊട്ടാൽ പൊള്ളുന്ന പലിശച്ചെലവുള്ള ക്രെഡിറ്റ് കാർഡ് വായ്പകൾ, വ്യക്തിഗത വായ്പകൾ, വീട്ടുപകരണങ്ങൾ ഉൾപ്പെടെ ഉപഭോഗ വസ്തുക്കൾ വാങ്ങുവാനുള്ള വായ്പകൾ തുടങ്ങിയവയൊക്കെ അനാകർഷകമാകുന്ന സമയമാണിപ്പോൾ. വായ്പാ തിരിച്ചടവിനു നീക്കിവയ്ക്കേണ്ടി വരുന്ന തുക വരുമാനത്തിന്റെ 40 ശതമാനത്തിൽ താഴെ നിർത്താൻ ശ്രമിക്കണം. ഭവന വായ്പ തുടങ്ങി അത്യാവശ്യം ജീവിത ആസ്തികൾ നേടുന്നതിനുള്ള വായ്പകൾ പോലും പരമാവധി കാലാവധി ആവശ്യപ്പെട്ടുകൊണ്ട് തിരിച്ചടവ് ഭാരം കുറയ്ക്കാനാകണം. അനുവദിച്ചു കിട്ടാൻ കടമ്പകൾ കുറവാണെന്ന കാരണത്താൽ മൊബൈൽ ആപ്പുകളിലൂടെയും മറ്റും ലഭ്യമാക്കുന്ന അനായാസ വായ്പകളിൽ ഒളിഞ്ഞിരിക്കുന്ന പലിശച്ചെലവും തിരിച്ചടവ് ബാധ്യതകളും കാണാതെ പോകരുത്.
അക്കൗണ്ടുകളിൽ സുരക്ഷിതത്വം
ഓൺലൈനായും അല്ലാതെയും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിന് റിസർവ് ബാങ്ക് നടപ്പിലാക്കിയ സുരക്ഷിതത്വ മാനദണ്ഡങ്ങൾ ഒരളവു വരെ തട്ടിപ്പുകൾക്ക് തടയിടുമെങ്കിലും ഇടപാടുകാരന്റെ ജാഗ്രത ഒഴിവാക്കാനാകില്ല. ഓൺലൈൻ തട്ടിപ്പുകാർ എപ്പോൾ വേണമെങ്കിലും ആരെയും ആക്രമിക്കാമെന്ന് കരുതിയിരിക്കണം. ഓരോ മേഖലയിലും വരുന്ന മാറ്റങ്ങളും തട്ടിപ്പു രീതികളും സംബന്ധിച്ച് കൂടുതൽ അറിവ് നേടാനുള്ള തുടർച്ചയായ ശ്രമങ്ങളും വേണം.
ആരോഗ്യത്തിന് മുൻഗണന
ഉപ പരിധികളുടെ കടമ്പകളില്ലാതെ ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപയിൽ കുറയാത്ത മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. അത്യാവശ്യം വരുന്ന ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന രീതിയിൽ ചുരുങ്ങിയ പ്രീമിയം നൽകി ടോപ്അപ് പോളിസികളും അധികമായി എടുക്കാം. വാർഷിക വരുമാനത്തിന്റെ പത്തിരട്ടി പരിരക്ഷാത്തുക അഥവാ സം അഷ്വേഡ് ഉറപ്പാക്കി പ്രീമിയം കുറവായ ടേം പോളിസികൾ ഇന്നത്തെ സാഹചര്യങ്ങളിൽ ഒഴിവാക്കാനാവാത്തതാണ്.
കരുതൽ രണ്ടു രീതിയിൽ
അടിയന്തര ഘട്ടങ്ങളിൽ സാമ്പത്തികമായി പിടിച്ചുനിൽക്കുന്നതിനും മാനസികാഘാതം ലഘൂകരിക്കുന്നതിനും കരുതൽ ധനം ഉപകരിക്കും. മുൻകൂട്ടി അറിയിക്കാതെ കടന്നു വരുന്ന വിപത്തുമൂലം വരുമാനത്തിൽ കുറവുകളോ വരുമാനം തന്നെയോ നിലച്ചു പോകുന്ന സാഹചര്യങ്ങളിൽ അത്യാവശ്യ ജീവിത ചെലവുകൾ തുടർന്നു കൊണ്ടു പോകാൻ എട്ടോ പത്തോ മാസത്തെ ചെലവു തുക കരുതൽ ധനമായി ശേഖരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ട്, വ്യക്തമായ മിച്ചം പിടിക്കലും നിക്ഷേപവുമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കരുതൽ കാര്യം.