ജലവിതരണം, കാർ പാർക്കിങ്, വിപണനമേള... ‘ടിക്കറ്റ് കീറാതിരിക്കാൻ’ കെഎസ്ആർടിസി
Mail This Article
തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ കുപ്പിവെള്ള വിതരണം ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കാൻ കെഎസ്ആർടിസിയിൽ ആലോചന. ജല അതോറിറ്റി അരുവിക്കരയിൽ തുടങ്ങിയ കുപ്പിവെള്ള പ്ലാന്റിന്റെ ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ്. ഇവിടെ നിർമാണം തുടങ്ങിയാൽ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലേക്കും കുപ്പിവെള്ളം എത്തിക്കാൻ ബസുകൾ ഉപയോഗിക്കാനാണ് കെഎസ്ആർടിസി മാർക്കറ്റിങ് വിഭാഗത്തിന്റെ ശുപാർശ.
വർഷം 20 കോടി രൂപയാണ് ടിക്കറ്റ് ഇതര വരുമാനം. ഇത് 200 കോടിയാക്കാനാണു പദ്ധതി. കെഎസ്ആർടിസിയുടെ കുറിയർ സർവീസും പുനരാരംഭിക്കും. കുറിയർ അയയ്ക്കാൻ 10–15 രൂപ വീതം ഇൗടാക്കിയാൽ ദിവസം ഒരു ബസിൽ നിന്ന് 625 രൂപയെങ്കിലും കിട്ടുമെന്നാണു പ്രതീക്ഷ. 4250 ബസുകളിൽ നിന്ന് മാസം 7.5 കോടി വരെയും വർഷം 90 കോടി വരെയും ലഭിക്കുമെന്നുമാണു കണക്കുകൂട്ടൽ.
എല്ലാ ഡിപ്പോകളിലും കോഫി വെൻഡിങ് മെഷീനുകൾ തുടങ്ങാനായി 50 ചതുരശ്ര അടി സ്ഥലം വീതം വാടകയ്ക്കു നൽകും. 30 ഡിപ്പോകളിൽ ഉടൻ ആരംഭിക്കും. 1.10 കോടിയാണ് വർഷം ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ കെഎസ്ആർടിസി ഭൂമിയിൽ വലിയ പരസ്യബോർഡുകൾ സ്ഥാപിച്ച് വാടകയ്ക്കു കൊടുക്കുന്നതിലൂടെ 2 കോടിയും, 50 ഡിപ്പോകളിൽ എടിഎം മെഷീൻ സ്ഥാപിക്കാൻ സ്ഥലം നൽകുന്നതിലൂടെ 50 ലക്ഷം രൂപയും വാർഷിക വരുമാനം പ്രതീക്ഷിക്കുന്നു. ഡിപ്പോകളിൽ പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും.
ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിങ് കോംപ്ലക്സുകളും ഡിപ്പോ മുറികളും വാടകയ്ക്കു നൽകും. മൊബൈൽ ടവറുകൾ സ്ഥാപിക്കാനും വാടകയ്ക്കു നൽകും. ഒഴിഞ്ഞുകിടക്കുന്ന ജില്ലാ ഓഫിസുകൾ സർക്കാർ സ്ഥാപനങ്ങൾക്കു വാടകയ്ക്കു നൽകാനും ഡിപ്പോകളോടു ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന പ്രധാന സ്ഥലങ്ങൾ കാർ പാർക്കിങ്ങിനു നൽകാനും പദ്ധതിയുണ്ട്.