വരുന്നു, ഡിജിലോക്കറിൽ ‘ഫാമിലി ലോക്കർ’
Mail This Article
ന്യൂഡൽഹി∙ കുടുംബത്തിൽ ഒരാളുടെ മൊബൈൽ ഫോണിൽ തന്നെ എല്ലാവരുടെയും ഡിജിലോക്കർ രേഖകൾ സൂക്ഷിക്കാനായി 'ഫാമിലി ലോക്കർ' സംവിധാനം വരുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും ഫോൺ സ്വന്തമായില്ലാത്ത കുട്ടികൾക്കും മറ്റുമാണ് പുതിയ ഫീച്ചർ. സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഡിജിലോക്കർ (Digilocker). നിലവിൽ ഒരു അക്കൗണ്ടിൽ ഒരാളുടെ രേഖകൾ മാത്രമേ സൂക്ഷിക്കാനാവൂ. ഫോൺ ഇല്ലാത്തവർക്കും ആപ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പുതിയ ഫീച്ചർ ഉപകാരമാകുമെന്ന് ഐടി മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
വരാനിരിക്കുന്ന മറ്റ് ഫീച്ചറുകൾ
∙ ഷെയറബിൾ പ്രൊഫൈൽ:
ആധാർ അടക്കം രണ്ടോ മൂന്നോ തിരിച്ചറിയൽ രേഖ ബന്ധിപ്പിച്ച് നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യാൻ അവസരമുണ്ടാകും. തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ഈ രേഖകൾ കൈമാറുന്നതിനു പകരം ഈ പ്രൊഫൈൽ ഷെയർ ചെയ്താൽ മതിയാകും. ചുരുക്കത്തിൽ തിരിച്ചറിയൽ നമ്പറുകൾ വെളിപ്പെടുത്താതെ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കാം. മാട്രിമോണിയൽ സൈറ്റുകളുമായടക്കം ഈ പ്രൊഫൈലുകൾ ഷെയർ ചെയ്യാൻ വഴിയൊരുങ്ങും.
∙ ഡിജിലോക്കർ സ്ഥാപനങ്ങൾക്കും:
നിലവിൽ വ്യക്തികൾക്ക് മാത്രമാണ് ഡിജിലോക്കർ. ഇനി സ്ഥാപനങ്ങൾക്കും അവരുടെ സർക്കാർ രേഖകൾ സൂക്ഷിക്കാനായി സമാനമായി സംവിധാനം ഉടൻ നിലവിൽ വരും. നികുതി റിട്ടേണുകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഇത്തരത്തിൽ സൂക്ഷിക്കാം. ഇതിനായി ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി അടക്കമുള്ളവയുമായി ചർച്ച പുരോഗമിക്കുന്നു.