തകര്‍ച്ചയെ നയിച്ചത് അദാനിക്ക് കടം നല്‍കിയ ബാങ്കുകൾ; ഇനി ബജറ്റ്,യുഎസ് ഫെഡ്..; ചങ്കിടിച്ച് ഓഹരി വിപണി
Mail This Article
കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെടുന്ന ആഴ്ച ഓഹരിവിപണിയുടെ ശ്രദ്ധ അതിനുമപ്പുറമുളള ആശങ്കകളിലേക്ക് തിരിയുന്ന സാഹചര്യം അപൂര്‍വമാണ്. അദാനി ഗ്രൂപ്പിനെതിരെ, അമേരിക്കയിലെ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ഹിന്‍ഡന്‍ബര്‍ഗ് തൊടുത്തുവിട്ട 106 പേജ് ആരോപണങ്ങള്‍ക്ക് അദാനിയുടെ മറുപടിയും അദാനി കമ്പനികളുടെ ഓഹരിവില പോലെത്തന്നെയാണ്– 413 പേജ്. എന്നാല്‍ തങ്ങളുടെ മുഖ്യ ആരോപണങ്ങള്‍ക്കൊന്നും അദാനി മറുപടി നല്‍കിയിട്ടില്ലെന്ന് ഹിന്‍ഡര്‍ബര്‍ഗ് പറയുന്നു. ഈ യുദ്ധം നീണ്ടു പോകുന്നത് ഏതായാലും ഇന്ത്യന്‍ വിപണിക്കു നല്ലതല്ല. കേന്ദ്ര ബജറ്റിനു പുറമെ, യുഎസ്, യുകെ, യൂറോ മേഖല എന്നിവിടങ്ങളിലെ പലിശനിരക്കു പ്രഖ്യാപനം, ഇന്ത്യയും ചൈനയുമുള്‍പ്പെടെ പല രാജ്യങ്ങളിലെയും മാനുഫാക്ചറിങ്, സേവന മേഖലകളുടെ പിഎംഐ ഡേറ്റ, എസ്ബിഐ, എച്ച്ഡിഎഫ്സി, എൽ&ടി, ബജാജ് ഫിൻസെർവ് തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ എന്നിവയെല്ലാം ഈ വാരത്തെ സംഭവബഹുലമാക്കും. അതിനിടെ, ഒട്ടേറെ പ്രതിസന്ധികള്‍ക്കു നടുവിൽനിന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എപ്രകാരമുള്ളതായിരിക്കും എന്ന ചോദ്യം ബാക്കി. എന്താണ് ഇന്ത്യൻ ഓഹരി വിപണിയിലെ അവസ്ഥ? എന്തെല്ലാമാണ് അവിടെനിന്നുള്ള പ്രതീക്ഷകള്‍? വിശദമായി പരിശോധിക്കാം...