കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി: സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം
Mail This Article
കൊച്ചി ∙ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം. പദ്ധതിക്കു 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 5 വർഷം വേണ്ടിവരുമെന്നാണു വിലയിരുത്തൽ.
പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനു കിഫ്ബി നൽകിയ വായ്പയുടെ തിരിച്ചടവിനാണ് അനുവദിക്കപ്പെട്ട തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനാണ്.
ഇടനാഴിക്ക് ആവശ്യമുള്ളതിന്റെ 82 % സ്ഥലവും സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ കിൻഫ്ര ഏറ്റെടുത്തിട്ടുണ്ട്. പദ്ധതി വഴി ചുരുങ്ങിയതു പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എൻജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടമോട്ടീവ് ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യവസായ ക്ലസ്റ്ററുകൾ വികസിപ്പിക്കും.